പരിചയം ഫേസ്ബുക്ക് വഴി ; ഏഴുവര്‍ഷത്തെ പ്രണയത്തില്‍ 67കാരിക്ക് നഷ്ടമായത് 4.4 കോടി രൂപ

facebook
facebook

അമേരിക്കന്‍ ബിസിനസുകാരന്‍ എന്നുപറഞ്ഞാണ് ഇയാള്‍ സ്ത്രീയെ പരിചയപ്പെട്ടത്.

മലേഷ്യയിലെ ക്വാലാലംപൂരില്‍ ഏഴുവര്‍ഷത്തെ പ്രണയത്തില്‍ 67കാരിക്ക് നഷ്ടമായത് 2.2 മില്യണ്‍ റിങ്കിറ്റ്.( ഏകദേശം 4.4 കോടി രൂപ). 
2017-ല്‍ ഫേസ്ബുക്ക് വഴിയാണ് ഇരയായ സ്ത്രീയും തട്ടിപ്പുകാരനും തമ്മില്‍ പരിചയപ്പെടുന്നത്. അമേരിക്കന്‍ ബിസിനസുകാരന്‍ എന്നുപറഞ്ഞാണ് ഇയാള്‍ സ്ത്രീയെ പരിചയപ്പെട്ടത്. സിംഗപ്പൂരില്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ടാണ് തന്റെ വ്യവസായമെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരു മാസത്തോളം ഇരുവരും പരസ്പരം സംസാരിച്ചു. ഇതിനിടെ അയാളുമായി സ്ത്രീ കൂടുതല്‍ അടുത്തു.

ഒരിക്കല്‍ സംസാരത്തിനിടെ തനിക്ക് മലേഷ്യയിലേക്ക് താമസം മാറാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അതിനനുവദിക്കുന്നില്ലെന്നും പറഞ്ഞ് ഇയാള്‍ സ്ത്രീയോട് പണം ആവശ്യപ്പെട്ടു. ഇതുകേട്ട് മനസലിഞ്ഞ സ്ത്രീ 5,000 റിങ്കറ്റ് ബാങ്കുവഴി അയച്ചുകൊടുത്തു. പിന്നീടും പലവിധ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ഇയാള്‍ സ്ത്രീയില്‍ നിന്ന് പണം തട്ടി. 50 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 306 തവണയാണ് സ്ത്രീ പണമയച്ചത്. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും കടം വാങ്ങിയാണ് ഇത്രയും തുക അവര്‍ തട്ടിപ്പുകാരന് നല്‍കിയത്.


സ്ത്രീയും കാമുകനും തമ്മില്‍ ഏഴുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും നേരിട്ടോ വീഡിയോ കോള്‍ മുഖേനയോ കണ്ടിട്ടില്ല എന്നതാണ് ഏറെ വിചിത്രമായ കാര്യം. വോയിസ് കോളുകള്‍ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. നേരിട്ടുകാണണമെന്ന് സ്ത്രീ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് തട്ടിപ്പുകാരന്‍ പിന്‍വലിയുകയായിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് ഇക്കാര്യം സ്ത്രീ തന്റെ സുഹൃത്തിനോട് പറഞ്ഞത്. ഈ സുഹൃത്താണ് അവര്‍ അകപ്പെട്ടിരിക്കുന്നത് ഒരു തട്ടിപ്പിലാണെന്ന് ബോധ്യപ്പെടുത്തിയത്.

Tags