ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരന്‍ മരിച്ചു

google news
us man

ലോകത്ത് ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരന്‍ മരിച്ചു. അമേരിക്കയിലെ 62 വയസ്സുകാരന്‍ വെയ്മൗത്ത് സ്വദേശി റിച്ചാര്‍ഡ് സ്ലേമാന്‍ ആണ് അന്തരിച്ചത്. സ്ലേമാന്റെ മരണം അറിയിച്ചു കൊണ്ട് കുടുംബം, ശസ്ത്രക്രിയ നടന്ന മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും മുഴുവന്‍ ടീമിനും നന്ദി പറഞ്ഞു. 'മൂന്ന് മാസം കൂടി ഞങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പില്‍ കുറിച്ചത്.
മാര്‍ച്ച് 21ന് മസാച്യുസെറ്റ്‌സ് ആശുപത്രിയിലായിരുന്നു വൃക്കരോഗിയായിരുന്ന റിച്ചാര്‍ഡ് സ്ലേമാന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ലോകത്തിലാദ്യമായി ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി പന്നിയുടെ വൃക്ക മാറ്റിവച്ചുവെന്നത് മെഡിക്കല്‍ രംഗത്തെ വിപ്ലവമായിരുന്നു. സ്ലേമാന്റെ വൃക്ക മാറ്റിവെച്ചതിന് ശേഷം രണ്ട് പേരിലേക്ക് കൂടി ഇത്തരത്തില്‍ പന്നിയുടെ വൃക്ക മാറ്റി വെച്ചിരുന്നെങ്കിലും ഇരുവരും കൂടുതല്‍ ദിനങ്ങള്‍ അതിജീവിച്ചിരുന്നില്ല.

മൃഗങ്ങളില്‍നിന്നുള്ള കോശങ്ങളോ അവയവങ്ങളോ ഉപയോഗിച്ച് മനുഷ്യരുടെ രോഗം സുഖപ്പെടുത്തുന്നതിനെ സെനോട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. എന്നാല്‍ മൃഗങ്ങളുടെ ശരീര ഘടനയും കോശവും മനുഷ്യനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായത് കൊണ്ട് ഒരു പരിധിക്കപ്പുറം ഈ പരീക്ഷങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. എന്നാല്‍ പന്നിയുടെ കോശ ഘടനയും ശാരീരിക ഘടനയും ഏകദേശം മനുഷ്യന്റെ ഘടനയോട് സാമ്യപ്പെടുന്നു എന്ന് കണ്ടാണ് പന്നിയുടെ അവയവങ്ങള്‍ മാറ്റി വെക്കുന്ന പരീക്ഷങ്ങളിലേക്ക് മെഡിക്കല്‍ രംഗം കടന്നത്.

Tags