ഇന്ത്യയിലെ മ​തസ്വാതന്ത്ര്യ ലംഘനത്തിനെതിരെ യു.എസ് ജനപ്രതിനിധി സഭയിൽ പ്രമേയം
us1

വാഷിങ്ടൺ : ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം പരിഗണിച്ച് 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' കണക്കാക്കാൻ നടപടി വേണമെന്ന് യു.എസ് ജനപ്രതിനിധി സഭയിൽ പ്രമേയം. ഡെമോക്രാറ്റിക് അംഗം ഇൽഹാൻ ഉമറാണ് പ്രമേയം അവതരിപ്പിച്ചത്.

റഷീദ തയ്ബ്, ജുവാൻ വർഗാസ് എന്നിവർ പിന്തുണച്ചു. മൂന്നുവർഷത്തേക്ക് ഇന്ത്യയെ ഈ രീതിയിൽ കാണണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച് യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമിതി നിർദേശങ്ങൾ നടപ്പാക്കണമെന്നും അവർ പറഞ്ഞു. പ്രമേയം തുടർനടപടികൾക്കായി വിദേശകാര്യ സമിതിക്ക് കൈമാറി.

യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമിതിയുടെ 2021ലെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഇവരുടെ പ്രമേയം. ഇതിൽ, ഇന്ത്യൻ ഭരണകൂടം ഹിന്ദുത്വ അജണ്ട മുന്നോട്ടുവെക്കുന്നതായും ഇത് മുസ്‍ലിം, ​ക്രിസ്ത്യൻ, സിഖ്, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്നതായും ആരോപിച്ചിരുന്നു.

ഇൽഹാൻ ഉമർ ഇന്ത്യക്കെതിരായ വിമർശനം ഉയർത്തുന്നത് ആദ്യമല്ല. അവരുടെ നിലപാടുകൾക്കെതിരെ ഇന്ത്യയും മുമ്പ് വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Share this story