സൗദി അറേബ്യക്ക് യുഎസ് ആയുധങ്ങള്‍ കൈമാറും
Joe Biden
കരാര്‍ ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് സഹായകരമാകുമെന്ന് പെന്റഗണ്‍ അറിയിച്ചു.

സൗദി അറേബ്യക്കും യുഎഇയ്ക്കും മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറാന്‍ യു.എസ് വിദേശകാര്യ വകുപ്പിന്റെ അംഗീകാരം. 300 കോടി ഡോളറിനാണ് സൗദി അറേബ്യ പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം. കരാര്‍ ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് സഹായകരമാകുമെന്ന് പെന്റഗണ്‍ അറിയിച്ചു.

രണ്ട് പ്രധാന ആയുധ കരാറുകള്‍ക്കാണ് യുഎസ് വിദേശ കാര്യ വകുപ്പിന്റെ അനുമതി. ഒന്ന്, സൗദി അറേബ്യക്ക് 300 മിസൈല്‍ പ്രതിരോധ ലോഞ്ചറുകള്‍ കൈമാറുക. ഈയിനത്തില്‍ യുഎസിന് 300 കോടിയിലേറെ ഡോളര്‍ ലഭിക്കും. അതിര്‍ത്തി കടന്നുള്ള ആക്രമണം സൗദിക്ക് തടയാനുമാകും. രണ്ടാമത്തേത് യുഎഇയുമായാണ്. 225 കോടി ഡോളറിന് യു.എ.ഇക്ക് താഡ് മിസൈല്‍ സംവിധാനവും നല്‍കും. 96 എണ്ണമാണ് നല്‍കുക. ഇതിനായി യുഎഇക്കുള്ള ചിലവ് 225 കോടി ഡോളറാണ്. പരീക്ഷണ സാമഗ്രികളും സ്‌പെയര്‍ പാര്‍ട്‌സുകളും സാങ്കേതിക പിന്തുണയും ഉള്‍പ്പെടുന്നതാണ് കരാര്‍.

യു.എസ് ആസ്ഥാനമായുള്ള റെയ്തിയോണ്‍ ആണ് മുഖ്യ കോണ്‍ട്രാക്ടര്‍. ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സ്ഥിരതക്കും സാമ്പത്തിക പുരോഗതിക്കും പ്രവര്‍ത്തിക്കുന്ന പ്രധാന പങ്കാളികള്‍ക്കുള്ള ആയുധക്കൈമാറ്റം മേഖലയില്‍ സുരക്ഷക്ക് സഹായിക്കുമെന്ന് പെന്റഗണ്‍ പറഞ്ഞു. കരാറിന് അംഗീകാരം നല്‍കിയതായുള്ള വിവരം വിദേശകാര്യ വകുപ്പ് യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്.

Share this story