അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഫൈനല്‍ പോരാട്ടം ; തിരക്കില്‍ നാലു മരണം ; 80 പേര്‍ക്ക് പരുക്ക്

google news
iraq

ഇറാഖ് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന് മുന്‍പ് ബസ്രയിലെ സ്റ്റേഡിയത്തിലുണ്ടായ തിരക്കില്‍പെട്ട് നാല് മരണം. 80 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
1979ന് ശേഷം ആദ്യമായാണ് ഇറാഖ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. പതിറ്റാണ്ടുകളായി ഉപരോധം മൂലം അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ വിലക്കുണ്ടായിരുന്ന ഇറാഖ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത് മത്സരത്തിന്റെ ആവേശം കൂട്ടി.

65000 പേര്‍ക്ക് ഇരിക്കാവുന്ന ബസ്ര സ്റ്റേഡിയത്തിന്റെ ടിക്കറ്റുകള്‍ പെട്ടെന്നാണ് വിറ്റുതീര്‍ന്നത്. എങ്കിലും വ്യാഴാഴ്ച നടന്ന മത്സരം കാണുന്നതിനായി ആയിരക്കണക്കിന് ആരാധകരാണ് ടിക്കറ്റ് കൈവശമില്ലാതെ ബസ്ര ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് പുറത്ത് പുലര്‍ച്ചെ മുതല്‍ തടിച്ചുകൂടിയത്. ഏതുവിധേനെയെങ്കിലും മത്സരം കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ് അവരെ അവിടെ കാത്തിരിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോഴുണ്ടായ കാണികളുടെ കുത്തൊഴുക്കാണ് സ്ഥിതിഗതികള്‍ വഷളാക്കുകയായിരുന്നു.
 

Tags