പതിനെട്ടുകാരൻ നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു
gun
വർണവെറിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം

ന്യൂയോർക്ക്: അമേരിക്കയിൽ പതിനെട്ടുകാരൻ നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച ന്യൂയോർക്കിലെ ബഫല്ലോയിൽ ഒരു സൂപ്പർ മാർക്കറ്റിലായിരുന്നു സംഭവം.

വർണവെറിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇരകളിൽ ഭൂരിഭാഗവും കറുത്തവംശജരാണെന്ന് പോലീസ് അറിയിച്ചു. വെളുത്തവംശജനായ അക്രമി, ആക്രമണം ക്യാമറയിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു.

ആക്രമണം നടത്തുന്ന വേളയിൽ ഇയാൾ ഹെൽമെറ്റും ധരിച്ചിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തതായി ബഫല്ലോ പോലീസ് കമ്മിഷണർ ജോസഫ് ഗ്രാമഗ്‌ലിയ അറിയിച്ചു.

സൂപ്പർമാർക്കറ്റിന്റെ പാർക്കിങ്ങിലായിരുന്നു 18-കാരൻ ആക്രമണം ആരംഭിച്ചത്. ഇവിടെവെച്ച് നാലുപേർക്കു നേരെ വെടിയുതിർത്തു. പിന്നീട് സൂപ്പർ മാർക്കറ്റിനുള്ളിലേക്ക് കടക്കുകയും വെടിവെപ്പ് തുടരുകയുമായിരുന്നെന്നും ഗ്രാമഗ്‌ലിയ കൂട്ടിച്ചേർത്തു.

പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ, അക്രമി തോക്ക് സ്വന്തംകഴുത്തിൽവെച്ച് ഭീഷണിമുഴക്കി. തുടർന്ന് പോലീസ് ഇയാളോട് സംസാരിച്ച് ശാന്തനാക്കുകയും ഒടുവിൽ കീഴടങ്ങുകയുമായിരുന്നു.

Share this story