തായ്‍വാൻ സംഘർഷം: വഴിമുടങ്ങി ആ​ഗോ​ള ചരക്കുകടത്ത്
spy-ship-china

താ​യ് പേ​യ് : യു.​എ​സ് പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​റ​കെ താ​യ്‍വാ​ൻ ജ​ലാ​തി​ർ​ത്തി​യി​ൽ ചൈ​ന തു​ട​ങ്ങി​യ സൈ​നി​കാ​ഭ്യാ​സം വ​ഴി​മു​ട​ക്കി​യ​ത് ആ​ഗോ​ള ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്ക്. ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കു​പി​ടി​ച്ച ക​പ്പ​ൽ​പാ​ത​ക​ളി​ലൊ​ന്നി​ലാ​ണ് ചൈ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ആ​യു​ധ പ​രി​ശീ​ല​ന​വു​മാ​യി എ​ത്തി​യ​ത്. ഇ​തോ​ടെ താ​യ്‍വാ​നി​ൽ നി​ന്നു​ള്ള സെ​മി​ക​ണ്ട​ക്ട​റു​ക​ളു​ടെ​യും ഇ​ല​ക്ട്രോ​ണി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ക​ട​ത്ത് മു​ട​ങ്ങി. താ​യ്‍വാ​നു ചു​റ്റും ആ​റു മേ​ഖ​ല​ക​ളി​ലാ​ണ് ചൈ​ന​യു​ടെ ആ​യു​ധ പ​രീ​ക്ഷ​ണം. വി​ദേ​ശ ക​പ്പ​ലു​ക​ൾ ഈ ​മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ചൈ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. താ​യ്‍വാ​നി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തു​റ​മു​ഖ​ങ്ങ​ളി​ലേ​റെ​യും ഇ​വി​ട​ങ്ങ​ളി​ലാ​ണ്. ചൈ​ന, താ​യ്‍വാ​ൻ എ​ന്നി​വ​ക്കു പു​റ​മെ ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കും സു​പ്ര​ധാ​ന​മാ​യ ക​പ്പ​ൽ​പാ​ത​യും ഇ​തു​വ​ഴി​യാ​ണ്. 18 ഓ​ളം രാ​ജ്യാ​ന്ത​ര റൂ​ട്ടു​ക​ളെ ബാ​ധി​ക്കു​ന്ന​താ​ണ് ചൈ​ന​യു​ടെ ന​ട​പ​ടി​യെ​ന്ന് സ്കൈ ​ന്യൂ​സ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഇ​തു​വ​ഴി പോ​കേ​ണ്ട നി​ര​വ​ധി ക​പ്പ​ലു​ക​ൾ വ​ഴി​മാ​റി​യാ​ണ് പോ​കു​ന്ന​ത്. ചൈ​ന​യി​ലെ ഏ​റ്റ​വും തി​ര​ക്കു​പി​ടി​ച്ച ഷാ​ങ്ഹാ​യ് തു​റ​മു​ഖ​ത്തെ​യും വി​ല​ക്ക് ബാ​ധി​ക്കും.

സ​മാ​ന​മാ​യി, യു​ദ്ധ​വി​മാ​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് വ​ട്ട​മി​ട്ടു​നി​ൽ​ക്കു​ന്ന​ത് യാ​ത്ര വി​മാ​ന സ​ർ​വി​സു​ക​ളെ​യും ബാ​ധി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ചൈ​ന​യി​ലെ ഫ്യൂ​ജി​യാ​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്നു മാ​ത്രം 400 ലേ​റെ വി​മാ​ന​ങ്ങ​ൾ യാ​ത്ര റ​ദ്ദാ​ക്കി.

Share this story