അല്‍ ഖായിദയുടെ തലവന്‍ അല്‍ സവാഹിരിയെ അമേരിക്ക വധിച്ചത് നരകാഗ്നി മിസൈല്‍ ഉപയോഗിച്ച്
al savahiri

വാഷിംങ്ടണ്‍: ഭീകരസംഘടനയായ അല്‍ ഖായിദയുടെ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയെ അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ നിന്നും അമേരിക്ക വധിച്ചത് നരകാഗ്നി(ഹെല്‍ഫയര്‍ ആര്‍-9) മിസൈല്‍ ഉപയോഗിച്ച്. ഇത് പൊട്ടിത്തെറിക്കില്ല. പകരം മൂര്‍ച്ചയുള്ള ആറു വായ്ത്തലകൊണ്ട് ലക്ഷ്യത്തെ അരിഞ്ഞുവീഴ്ത്തും. അടുത്തുള്ള ആളുകള്‍ക്കോ വസ്തുക്കള്‍ക്കോ കേടുപാടുകള്‍ ഉണ്ടാക്കില്ലെന്നതാണ് പ്രത്യേകത. പറക്കും ഗിന്‍സു, നിഞ്ച ബോംബ് എന്നൊക്കെയാണ് വിളിപ്പേര്. അലുമിനിയത്തെ കൃത്യമായി മുറിക്കാന്‍ പറ്റുന്ന ജപ്പാന്‍കത്തിയുടെ പരസ്യത്തില്‍നിന്നാണ് ഗിന്‍സു എന്ന പേര് ലഭിച്ചത്.

സവാഹിരി കൊല്ലപ്പെട്ടു എന്ന വാര്‍ത്തയ്ക്കുപിന്നാലെ ഒളിസങ്കേതമായിരുന്ന വീടിന്റെ ചിത്രം പുറത്തുവന്നു. ഒരു ജനല്‍ പൊട്ടിയിരുന്നതൊഴിച്ചാല്‍ മറ്റൊരു കേടുംപാടും ഇല്ല. രണ്ടു മിസൈലുകള്‍ പതിച്ചിട്ടും നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമാണ് 'ഹെല്‍ഫയര്‍ ആര്‍-9 എക്‌സ്' എന്ന മിസൈല്‍.

ഇങ്ങനെയൊരു ആയുധമുള്ള കാര്യം ഏറെക്കാലം യു.എസ്. രഹസ്യമാക്കിവെച്ചു. 2017-ലാണ് 'ഹെല്‍ഫയര്‍ ആര്‍-9 എക്‌സി'നെക്കുറിച്ചുള്ള സൂചനകള്‍ ആദ്യമായി പുറത്തുവന്നത്. സിറിയയില്‍ കാറില്‍ യാത്രചെയ്യുകയായിരുന്ന അല്‍ ഖ്വയ്ദ നേതാവ് അബു അല്‍ ഖൈര്‍ അല്‍ മസ്രി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയായിരുന്നു ഇത് .

ഞായറാഴ്ച രഹസ്യാന്വേഷണസംഘടനയായ സി.ഐ.എ.യുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിന്റെ വിവരം യു.എസ്. പ്രസിഡന്റ് ജോ ബൈഡനാണ് ലോകത്തെ അറിയിച്ചത്.

ന്യൂയോര്‍ക്കിലെ ലോക വ്യാപാരകേന്ദ്രത്തിനു നേരെ 2001 സെപ്റ്റംബര്‍ 11-നുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് സവാഹിരി. ഉസാമ ബിന്‍ ലാദനെ വധിച്ചതിനുശേഷം അല്‍ ഖായിദയ്ക്ക് ഏല്‍ക്കുന്ന ഏറ്റവും കനത്തപ്രഹരമാണ് സവാഹിരിയുടെ വധം. താലിബാനാണ് ഇയാള്‍ക്ക് ഒളിത്താവളമൊരുക്കിയതെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഇത് ദോഹ കരാറിന്റെ ലംഘനമാണെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്‌ളിങ്കന്‍ പറഞ്ഞു.

സവാഹിരി കാബൂളിലെ ഷെര്‍പുരില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ടെന്ന് ഈ വര്‍ഷമാദ്യമാണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്. ജൂലായ് 25-ന് പ്രസിഡന്റ് ജോ ബൈഡന്‍ സി.ഐ.എ.യ്ക്ക് സവാഹിരിയെ വധിക്കാന്‍ അനുമതിനല്‍കി. പ്രാദേശികസമയം ഞായറാഴ്ച രാവിലെ 6.18-നായിരുന്നു ആക്രമണം. വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന സവാഹിരിയെ ഡ്രോണില്‍നിന്ന് രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ തൊടുത്താണ് വധിച്ചത്. സ്‌ഫോടനമുണ്ടാക്കാതെ ലക്ഷ്യത്തില്‍ കൃത്യമായി പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈലുകള്‍. ആക്രമണസമയം കുടുംബാംഗങ്ങള്‍ സവാഹിരിക്ക് ഒപ്പമുണ്ടായിരുന്നെങ്കിലും അവര്‍ക്കാര്‍ക്കും പരിക്കുപറ്റിയിട്ടില്ലെന്നാണ് വിശദീകരണം. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 31-നുശേഷം അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്താനില്‍നിന്ന് പിന്‍വലിച്ചശേഷം ആ രാജ്യത്ത് നടക്കുന്ന ആദ്യ യു.എസ്. ആക്രമണമാണിത്.

''നീതി നിറവേറി. ക്രൂരനായ കൊലയാളിയെ ഇനി ലോകത്തിന് ഭയക്കേണ്ടതില്ല'' -ജോ ബൈഡന്‍ പറഞ്ഞു. ദശാബ്ദങ്ങളായി അമേരിക്കന്‍ജനതയ്ക്കുനേരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവന്നയാളാണ് സവാഹിരിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ 2977 പേരാണ് അമേരിക്കന്‍മണ്ണില്‍ കൊല്ലപ്പെട്ടത്. അന്ന് ബിന്‍ ലാദന്റെ വലംകൈയായിരുന്നു ഈജിപ്തില്‍ നിന്നുള്ള മുന്‍സര്‍ജനായ അയ്മാന്‍ അല്‍ സവാഹിരി. 2011-ല്‍ ലാദനെ യി.എസ്. വധിച്ചതിനു പിന്നാലെ സവാഹിരി അല്‍ ഖായിദയുടെ പ്രഥമനേതാവായി. ഇയാളുടെ തലയ്ക്ക് യു.എസ്. 2.5 കോടി ഡോളര്‍ (ഏകദേശം 196.41 കോടി രൂപ) വിലയിട്ടിരുന്നു.

സവാഹിരി ഒളിവില്‍ക്കഴിഞ്ഞ കാബൂളിലെ ഷെര്‍പുര്‍ തിരക്കുള്ള ജനവാസകേന്ദ്രമാണ്. നേരത്തേ ഒട്ടേറെ വിദേശ സ്ഥാനപതികാര്യാലയങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സമ്പന്നരും താലിബാന്‍ അധികാരികളുമാണ് ഷെര്‍പുരില്‍ കൂടുതലും താമസിക്കുന്നത്.

ജൂലായ് 31-ന് ഷെര്‍പുരില്‍ ജനവാസകേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നെന്നും പിന്നില്‍ അമേരിക്കയാണെന്ന് കണ്ടെത്തിയതായും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് സ്ഥിരീകരിച്ചു. സവാഹിരിയെക്കുറിച്ച് പരാമര്‍ശിക്കാതെ ആക്രമണത്തെ അപലപിച്ചു. യു.എസിന്റെ നടപടി അന്താരാഷ്ട്ര തത്ത്വങ്ങളുടെയും അഫ്ഗാന്‍ സമാധാനത്തിനുള്ള ദോഹ ഉടമ്പടിയുടെയും ലംഘനമാണെന്ന് സബിയുള്ള ട്വിറ്ററില്‍ കുറിച്ചു.

Share this story