ഇന്ധനം വിലകുറച്ച് കയറ്റുമതി ചെയ്യുന്നതിനായി പാക്കിസ്താനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല, ഇമ്രാന്റെ വാദം തള്ളി റഷ്യ
imran
പാകിസ്താനിലെ റഷ്യന്‍ അംബാസിഡര്‍ ഡാനില ഗാനിച്ച് ഇതിന് മറുപടി നല്‍കിയത്. 

ഇന്ധനം വിലകുറച്ച് കയറ്റുമതി ചെയ്യുന്നതിനായി പാക്കിസ്താനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് റഷ്യ. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണമായി തള്ളിക്കൊണ്ടായിരുന്നു റഷ്യയുടെ പ്രതികരണം. എണ്ണയും ഗോതമ്പും റഷ്യയില്‍ നിന്ന് കുറഞ്ഞ ചിലവില്‍ വാങ്ങാന്‍ പാകിസ്താന് സാധിക്കുമെന്നും അതിനായി കരാറുണ്ടാക്കിയെന്നുമുള്ള ഇമ്രാന്‍ ഖാന്റെ വാദങ്ങള്‍ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്താനിലെ റഷ്യന്‍ അംബാസിഡര്‍ ഡാനില ഗാനിച്ച് ഇതിന് മറുപടി നല്‍കിയത്. 

ഏപ്രിലില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ തന്റെ സര്‍ക്കാര്‍ റഷ്യയില്‍ നിന്ന് വിലകുറച്ച് എണ്ണ വാങ്ങിയിരുന്നുവെന്ന അവകാശവാദം നിരവധി തവണ ആവര്‍ത്തിച്ചിരുന്നു. എണ്ണയും ഗോതമ്പും വില കുറച്ച് വാങ്ങുന്നതിനായി പാകിസ്താനിലെ പുതിയ സര്‍ക്കാരും റഷ്യയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

റഷ്യ യുക്രെയ്‌നെ ആക്രമിച്ച അതേ ദിവസം തന്നെ മുന്‍ പ്രധാനമന്ത്രി മോസ്‌കോയില്‍ ഉണ്ടായിരുന്നത് യാദൃശ്ചികമായിരുന്നുവെന്നും ഡാനില ഗാനിച്ച് പറഞ്ഞു. ഇമ്രാനെ പുറത്താക്കിയത് റഷ്യ സന്ദര്‍ശിച്ചതുകൊണ്ടാണെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഇമ്രാന്‍ മോസ്‌കോയില്‍ എത്തില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this story