ഇന്ത്യയ്ക്ക് മുറിവേറ്റാൽ ഒരാളെയും വെറുതെവിടില്ല: ചൈനയ്ക്ക് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
പാക്കിസ്ഥാനിൽ മിസൈൽ പതിച്ച സംഭവം : സാങ്കേതിക പിഴവെന്ന്  മന്ത്രി രാജ്‍നാഥ് സിംഗ്

വാഷിങ്ടൻ : ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പു നൽകി ഇന്ത്യ. ഇന്ത്യയ്ക്കു മുറിവേറ്റാൽ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ശക്തമായ രാജ്യമായി ഇന്ത്യ മാറി. ലോകത്തെ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകാനായി രാജ്യം മുന്നേറുകയാണെന്നും പ്രതിരോധമന്ത്രി സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ – അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത് കൂട്ടിച്ചേർത്തു.

ഇന്ത്യ – യുഎസ് മന്ത്രിതല ചർച്ചയ്ക്ക് വാഷിങ്ടണിലുള്ള അദ്ദേഹം പിന്നീട് ഹവായിലും സാൻഫ്രാൻസിസ്കോയിലും എത്തുകയായിരുന്നു. ചൈനയുമായി ലഡാക്ക് അതിർത്തിയിലുണ്ടായ ‍സംഭവവികാസങ്ങളെക്കുറിച്ചാണ് പ്രതിരോധമന്ത്രി പ്രസ്താവിച്ചത്. ഇന്ത്യൻ സൈനികരുടെ ധീരപ്രകടനത്തെ അദ്ദേഹം എടുത്തുപറഞ്ഞു.

‘ഇന്ത്യൻ സൈനികർ എന്താണ് ചെയ്തതെന്ന് എനിക്ക് പുറത്തു പറയാനാകില്ല, സർക്കാരിന്റെ തീരുമാനങ്ങൾ എന്താണെന്നതും. പക്ഷേ, ചൈനയ്ക്ക് കൃത്യമായി ആ സന്ദേശം കിട്ടി – മുറിവേറ്റാൽ ഇന്ത്യ ഒരാളെയും വെറുതേവിടില്ല എന്നത്.’ – അദ്ദേഹം പറഞ്ഞു.

2020 മേയ് 5നാണ് ലഡാക്ക് അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്. പിന്നാലെ പാൻഗോങ് തടാക മേഖലയിൽ രൂക്ഷമായ ആക്രമണം നടന്നു. 2020 ജൂൺ 15ന് ഗൽവാൻ താഴ്‌വരയിലെ മുഖാമുഖ സംഘർഷത്തോടെ കാര്യങ്ങൾ കൈവിട്ടുപോയി. 20 ഇന്ത്യൻ സൈനികരും ധാരാളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.

എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നതിന്റ കണക്ക് ചൈന പുറത്തുവിട്ടിട്ടില്ല. ഇരു രാജ്യങ്ങളും സൈനിക തലത്തിൽ 15 റൗണ്ട് ചർച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പാൻഗോങ് തടാകത്തിന്റെ വടക്ക്, തെക്ക് കരകളിൽനിന്നും ഗോഗ്ര മേഖലയിൽനിന്നും ഇരുരാജ്യങ്ങളും പിന്മാറി.

അതേസമയം, ഇന്ത്യയ്ക്ക് ഒരു രാജ്യവുമായി നല്ല ബന്ധം ഉണ്ട് എന്നതുകൊണ്ട് മറ്റൊരു രാജ്യമായുള്ള ബന്ധം മോശമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങൾക്കും ജയിക്കാൻ കഴിയുന്ന ഉഭയകക്ഷി ബന്ധത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ നിലപാടിൽ യുഎസിന് അതൃപ്തിയുള്ള പശ്ചാത്തലത്തിൽ രാജ്നാഥ് സിങ് പറഞ്ഞു.

‘ഇന്ത്യയുടെ പ്രതിച്ഛായ മാറി. രാജ്യത്തിന്റെ പ്രതാപം മെച്ചപ്പെട്ടു. അടുത്ത കുറച്ചുവർഷത്തിനുള്ളിൽ ലോകത്തെ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തടയാൻ ഒരു ശക്തിക്കും കഴിയില്ല. പഴയകാലത്ത്, ഏതൊരു രാജ്യത്തിനും അഭിവൃദ്ധിപ്പെടണമെങ്കിൽ ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധം ഉണ്ടാകണമെന്ന് ചിന്തിച്ചിരുന്നു. 2047ൽ ഇന്ത്യ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ആ സാഹചര്യം പുനഃസ്ഥാപിക്കണം’ – അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story