രാജ പർവേസ് അഷ്റഫ് പുതിയ പാക് സ്പീക്കർ
raja1

രാജ പർവേസ് അഷ്‌റഫിനെ പാക് ദേശീയ അസംബ്ലിയുടെ 22ാമത് സ്പീക്കറായി നിയമിച്ചു. എതിരില്ലാതെയാണ് 71 കാരനായ അഷ്റഫ് തെരഞ്ഞെടുക്കപ്പെട്ടത്. തന്നെ സ്പീക്കറായി നിയമിച്ച പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷരീഫിനും മറ്റു പാർട്ടി നേതാക്കൾക്കും അദ്ദേഹം നന്ദിയറിയിച്ചു. 

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ മൂലം സ്പീക്കർ സ്ഥാനത്തുനിന്ന് ആസാദ് ഖൈസർ ഈ മാസം ഒമ്പതിന് രാജിവെച്ചിരുന്നു.

ഇമ്രാൻ അനുകൂലമായ സമീപനമെടുത്തതിന്റെ പേരിൽ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സുരി രാജിവെച്ചു. ഖൈസറിന്റെ രാജിക്കു പിന്നാലെ ആക്ടിങ് സ്പീക്കറായി പ്രവർത്തിച്ചുവരുകയായിരുന്നു അദ്ദേഹം.

ഇതിനിടെ പുതിയ പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷരീഫിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. ശനിയാഴ്ച ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സൗദി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ മുഹമ്മദ് ഷെഹ്ബാസ് ഷരീഫിനെ അഭിനന്ദിച്ചത്.

Share this story