ഫോട്ടോഷൂട്ടുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയും ഭാര്യ ഒലേന സെലന്‍സ്‌കിയും
zelensky
വോഗ് മാഗസീനിന് വേണ്ടിയാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്.

യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് ഫോട്ടോഷൂട്ടുമായി പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയും ഭാര്യ ഒലേന സെലന്‍സ്‌കിയും.ഇതിന്റെ വിശദാംശങ്ങള്‍ ഒലേന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ സംഭവം ചര്‍ച്ചയാകുകയായിരുന്നു. വോഗ് മാഗസീനിന് വേണ്ടിയാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. രണ്ട് ദിവസം മുമ്പായിരുന്നു ഒലേന പോസ്റ്റ് പങ്കുവച്ചത്. സംഭവം വിവാദമായതോടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായി.

യുദ്ധം അവസാനിക്കാത്ത സാഹചര്യത്തില്‍ പ്രസിഡന്റും പ്രഥമ വനിതയും ചേര്‍ന്ന് ഫോട്ടോഷൂട്ട് നടത്തിയതിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. ശക്തരായ ദമ്പതികളെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നാല്‍ യുദ്ധം മാറുമെന്ന് മറ്റ് ചിലര്‍ പരിഹസിച്ചു. വോഗ് മാഗസീനിന്റെ ഒക്ടോബറില്‍ പുറത്തിറങ്ങുന്ന പതിപ്പിലാണ് സെലന്‍സ്‌കിയും ഭാര്യയുമെത്തുന്നത്. സെലന്‍സ്‌കിയുമായുള്ള നീണ്ട കാലത്തെ ദാമ്പത്യജീവിതത്തെക്കുറിച്ചും യുദ്ധം വ്യക്തിപരമായി എപ്രകാരം ബാധിച്ചുവെന്നുമെല്ലാം മാഗസീനില്‍ ഒലേന വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന.

ധീരതയുടെ ഛായാച്ചിത്രം എന്ന അടിക്കുറിപ്പോടെയാണ് മാഗസീനില്‍ ഒലേനയുടെ ഫോട്ടോ ചേര്‍ത്തിരിക്കുന്നത്. വോഗ് മാഗസീനിന്റെ കവര്‍ ചിത്രമായിട്ടാണ് ഒലേന എത്തുന്നത്. കൂടാതെ സെലന്‍സ്‌കിയുടെ ഓഫീസില്‍ ഒലേനയും പ്രസിഡന്റും ഇരിക്കുന്നതും യുക്രെയ്‌നില്‍ തകര്‍ന്നടിഞ്ഞ നഗരവീഥികളിലൂടെ പട്ടാളക്കാര്‍ക്കൊപ്പം നടക്കുന്നതുമായ ചിത്രങ്ങളാണ് മാഗസീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share this story