ക്രൂരമായ പീഡനത്തിനാണ് യുക്രെയ്ൻ ജനത ഇരയായതെന്ന് മാർപാപ്പ ; ഐക്യപ്പെടാൻ ആഹ്വാനം
pope1

യുക്രെയ്ൻ ജനത ക്രൂരമായ ആക്രമണത്തിനും പീഡനത്തിനുമാണ് ഇരയായതെന്ന് പോപ് ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേർസ് സ്ക്വയറിലെ പ്രസംഗത്തിലാണ് പാപ്പ റഷ്യൻ ആ​ക്രമണത്തിനിരയായ യുക്രൈൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ ആഹ്വാനം ചെയ്തത്.

യുക്രെയ്നിൽ സഭയുടെ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ കൊൺറാഡ് ക്രജേവ്സ്കിയുമായുള്ള സംഭാഷണം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ പ്രസംഗിച്ചത്. ക്രൂരമായ ആക്രമണത്തിന് യുക്രെയ്ൻ ജനത ഇരയായത് നേരിട്ട് കണ്ടുവെന്ന് കർദിനാൾ കൊൺറാഡ് പറഞ്ഞിരുന്നു.

'ക്രൂരമായ പീഡനത്തിനിരയായവരുടെ മൃതശരീരമാണ് അവിടെ അദ്ദേഹം കണ്ടത്. കുലീനരായ, രക്തസാക്ഷികളായ ആ ജനതയോട് നാം ഐക്യപ്പെടണം.' -പാപ്പ പറഞ്ഞു.

റഷ്യൻ സൈന്യത്തിൽ നിന്നും തിരിച്ചുപിടിച്ച പ്രദേശങ്ങളിൽ ക്രൂരമർദനത്തിനിരയായി മരിച്ചവരുടെ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയതായി യുക്രെയ്ൻ അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൈകൾ പിറകിലേക്ക് ബന്ധിച്ച നിലിയിലായിരുന്നു പല മൃതദേഹങ്ങളും.

Share this story