അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ പെലോസിയുടെ തായ്വാന്‍ സന്ദർശനം : അമേരിക്കൻ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ചൈന

google news
pelosi

തായ്പേയി: അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാന്‍ സന്ദർശനത്തിൽ ചൈനയിലെ അമേരിക്കൻ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ചൈന. പെലോസിയുടെ തായ്വാൻ സന്ദർശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യസഹമന്ത്രി സി ഫെങ് തുറന്നടിച്ചു.

തായ്വാനിൽ ഇന്നലെ രാത്രി വിമാനമിറങ്ങിയ പെലോസിയും സംഘവും ഇന്ന് തായ്വാനീസ് പ്രസിഡന്‍റുമായി ചർച്ചകൾ നടത്തും. പാർലമെന്‍റ് സന്ദർശിച്ച് ജനപ്രതിനിധികളുമായും ചർച്ച നടത്തിയേക്കും. അതേ സമയം
തായ്വാന്‍ അതിർത്തിയിൽ ചൈന സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

തായ്വാൻ വ്യോമപ്രതിരോധമേഖലയിലേക്ക് ഇന്നലെ 21 ചൈനീസ് യുദ്ധവിമാനങ്ങൾ കടന്നുകയറിയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനയുടെ പ്രകോപനങ്ങളോട് യുദ്ധത്തിന്‍റെ ഭാഷയിൽ പ്രതികരിക്കാനില്ലെന്നാണ് ഇന്നലെ പെന്‍റഗൺ പ്രതിനിധി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് പെലോസിയുടെ സന്ദർശനത്തോട് യോജിപ്പില്ലെങ്കിലും പരസ്യമായി എതിർക്കില്ലെന്നാണ് സൂചന.

25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന അമേരിക്കൻ നേതാവാണ് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ ആയ നാൻസി പെലോസി. തൻ്റെ പ്രതിനിധി ആയല്ല നാൻസി പെലോസി തായ്‌വാനിലേക്ക് പോകുന്നത് എന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അറിയിച്ചിരുന്നു.

പെലോസിയെ തടയില്ലെന്നും അവർക്ക് തായ്‌വാൻ സന്ദർശിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും ആയിരുന്നു വൈറ്റ് ഹൗസ് നിലപാട്. ഏഷ്യൻ പര്യടനത്തിൻ്റെ ഭാഗമാണ് തൻ്റെ സന്ദർശനം എന്നും ഇത് അമേരിക്കയുടെ വിദേശകാര്യ നയത്തിന് വിരുദ്ധമല്ലെന്നും നാൻസി പെലോസി തായ്‌വാനിൽ ഇറങ്ങിയ ശേഷം പ്രസ്താവനയിൽ അറിയിച്ചു.

രണ്ടരക്കോടി ജനങ്ങൾ ഉള്ള തായ്‌വാൻ തങ്ങളുടെ പ്രവിശ്യയാണ് എന്നാണ് ചൈനയുടെ അവകാശവാദം. തായ‍്വാന്‍റെ നയങ്ങളിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്ന നിലപാടാണ് എല്ലാ കാലത്തും ചൈന സ്വീകരിക്കുന്നത്. തായ‍്‍വാനിൽ ഇടപെടാനുള്ള അമേരിക്കൻ നീക്കത്തെ ഈ കാലമത്രയും ചൈന എതിർത്തിരുന്നു.

ഇത് മറികടന്ന് തായ‍്‍വാൻ സന്ദർശിക്കാനുള്ള പെലൊസിയുടെ നീക്കം ചൈനയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ചൈനയുടെ പ്രതികരണം. പെലൊസിയുടെ സന്ദർശന ശേഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കെല്ലാം ഉത്തരവാദി അമേരിക്കയാണെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തായ‍്‍വാൻ വിഷയത്തിൽ ചൈനീസ് നിലപാടിന് റഷ്യയുടെ പിന്തുണയുണ്ട്. എന്നാൽ ചൈനയുടെ നിലപാട് തായ‍്‍വാൻ അംഗീകരിക്കുന്നില്ല. അതേസമയം, ഓദ്യോഗിക ബന്ധം ചൈനയുമാണെന്നും തായ്വാവാനുമായുള്ളത് അനൗദ്യോഗികമായ ദൃഢബന്ധമെന്നാണ് അമേരിക്കൻ നിലപാട്. 

Tags