പാകിസ്താനിലെ 1200 വർഷം പഴക്കമുള്ള ക്ഷേത്രം നവീകരിക്കാൻ തീരുമാനം
pakisthan

ലാഹോർ : പാകിസ്താനിലെ 1200 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനരുദ്ധരിക്കാൻ തീരുമാനം. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ട്രസ്റ്റിനു തിരിച്ചുകിട്ടിയത്. നിയമവിരുദ്ധമായി​ ക്ഷേത്രം കൈയേറിയിരുന്നവരെ ഒഴിപ്പിക്കുകയും ചെയ്തു.

ലാഹോറിലെ അനാർക്കലി ബസാറിൽ സ്ഥിതി ചെയ്യുന്ന വാൽമീകി മന്ദിറിന്റെ ഉടമസ്ഥാവകാശം ക്രിസ്ത്യൻ കുടുംബമാണ് കഴിഞ്ഞ മാസം ഇവാകീ ട്രസ്റ്റ് പ്രോപർട്ടി ബോർഡിന് (ഇ.ടി.പി.ബി) കൈമാറിയത്.

കൃഷ്ണ ക്ഷേത്രവും വാൽമീകി ക്ഷേത്രവും ആണ് ലാഹോറിൽ ന്യൂനപക്ഷ വിശ്വാസികളുടെ പ്രധാന ആരാധന കേന്ദ്രങ്ങൾ. 20വർഷത്തോളമായി വാൽമീകി സമുദായങ്ങളിൽ നിന്നുള്ളവർക്ക് മാ​ത്രമേ ക്ഷേത്രത്തി​ന്റെ ഉടമസ്ഥാവകാശം കൈയാളിയിരുന്ന ക്രിസ്ത്യൻ കുടുംബം അനുവദിച്ചിരുന്നുള്ളൂ. ഇവർ ഹിന്ദുമതം സ്വീകരിച്ചവരാണ്.

ഇ.ടി.പി.ബി ക്ഷേത്രം ഏറ്റെടുത്തതോടെ നൂറോളം ഹിന്ദുക്കൾക്കും സിഖുകാർക്കും ക്രിസ്റ്റ്യൻ നേതാക്കളും ക്ഷേത്രത്തിലെത്തി. 20 വർഷം മുമ്പാണ് ​ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ക്രിസ്ത്യൻ കുടുംബം ഏറ്റെടുത്തത്. ക്ഷേത്രത്തിൽ വാൽമീകി സമുദായങ്ങൾക്കു മാത്രം പ്രവേശനം ഏർപ്പെടുത്തിയതോടെ ട്രസ്റ്റ് കോടതിയെ സമീപിക്കുകയായിരുന്നു. വ്യാജരേഖകൾ ചമച്ച് ​ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ചമഞ്ഞതിന് കോടതി താക്കീതു നൽകുകയും ചെയ്തു.

1992ൽ ഇന്ത്യയിൽ ബാബരി മസ്ജിദ് തകർ​ക്കപ്പെട്ടപ്പോൾ രോഷാകുലരായ ജനക്കൂട്ടം ലാഹോറിലെ വാൽമീകി ക്ഷേത്രം ആക്രമിച്ചിരുന്നു. കൃഷ്ണ, വാൽമീകി ക്ഷേത്രങ്ങളുടെ പ്രതിഷ്ഠകളും പാത്രങ്ങളും തകർക്കുകയും വിഗ്രഹത്തിൽ പതിച്ച സ്വർണം കവർച്ച നടത്തുകയും ചെയ്യുകയുണ്ടായി. ക്ഷേത്രത്തിന്റെ സമീപത്തെ കെട്ടിടങ്ങളും പ്രതിഷേധകൾ അഗ്നിക്കിരയാക്കി. ദിവസങ്ങളെടുത്താണ് അധികൃതർ തീകെടുത്തിയത്. വിഭജനാന്തരം ഇ.ടി.പി.ബി ആണ് ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയ സിഖ്,ഹിന്ദു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ പരിപാലനം. പാകിസ്താനിൽ 200 ഗുരുദ്വാരകളും 150 ക്ഷേത്രങ്ങളും ട്രസ്റ്റിന്റെ കീഴിലുണ്ട്.
 

Share this story