നാൻസി പെലോസി തായ്‌വാൻ പാർലമെന്റിൽ
nancy


തായ്പേയി: യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. 'ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്' എന്നാണ് നാൻസി പെലോസി പ്രസംഗത്തിൽ തായ്‍വാനെ വിശേഷിപ്പിച്ചത്. തായ്‍വാൻ പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവർത്തകരുമായും നാൻസി പെലോസി കൂടിക്കാഴ്ച നടത്തി.

തായ്‍വാൻ കടലിലെ തൽസ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നതെന്ന് അഭിപ്രായപ്പെട്ട പെലോസി, താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്‍വാൻ സന്ദർശിക്കുന്നത് അമേരിക്ക നിങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കി.

തായ്‍വാൻ കടലിടുക്കിൽ തൽസ്ഥിതി തുടരുന്നതിനെയാണ് ഞങ്ങൾ പിന്തുണക്കുന്നത്. ബലപ്രയോഗത്തിലൂടെ തായ്‍വാന് എന്തെങ്കിലും സംഭവിക്കുന്നത് കാണാൻ ഞങ്ങളാഗ്രഹിക്കുന്നില്ല. തായ്‍വാന് സ്വാതന്ത്ര്യവും സുരക്ഷ‍യും വേണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. അതിൽ നിന്നും പിന്നോട്ടില്ലെന്നും പെലോസി പറഞ്ഞു.

തായ്‌വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം മുമ്പ് തന്നെ യു.എസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. തായ്‌വാന്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. തായ്‌വാന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും നിലവിലെ പ്രതിസന്ധികളെ നേരിടാനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കും - പെലോസി പറഞ്ഞു.

അതിനിടെ, നാൻസി പെലോസിയുടെ തായ്‍വാൻ സന്ദർശനം ചൈനയെ പ്രകോപിപ്പിച്ച പശ്ചാത്തലത്തിൽ ബൈജിങ്ങിലെ യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ചൈനീസ് ഭരണകൂടം പ്രതിഷേധമറിയിച്ചു. ചെയ്യുന്ന അബദ്ധങ്ങൾക്ക് വലിയ വിലനൽകേണ്ടിവരുമെന്നും, തായ്‍വാൻ വിഷയത്തെ തങ്ങൾക്കെതിരായ ആയുധമാക്കി മാറ്റാനുള്ള ഏതൊരു ശ്രമവും അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. നാൻസി പെലോസി തായ്‍വാൻ പാർലമെന്‍റിൽ സംസാരിച്ചതിന് പിന്നാലെയാണ് യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തിയത്.

പ്രകോപനത്തിന്‍റെ പശ്ചാത്തലത്തിൽ മേഖലയിൽ ചൈന സൈനികാഭ്യാസം നടത്തുന്നതിനെ തായ്‍വാൻ വിമർശിച്ചു. ചൈനയുടെ നടപടി അനാവശ്യമാണെന്ന് പ്രസിഡന്റ് സൈ ഇങ് വെൻ ചൂണ്ടിക്കാട്ടി. നാൻസി പെലോസിയുടേത് സൗഹൃദ സന്ദർശനമാണെന്നും നിരവധി പ്രതിനിധികളെ മുമ്പും തായ്‍വാൻ സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് സന്ദർശനം നടത്തിയ യു.എസ് പ്രതിനിധി സഭാംഗങ്ങളോട് സൈ ഇങ് വെൻ നന്ദി പറഞ്ഞു.
 

Share this story