മലേഷ്യയ്‌ക്ക് പുതിയ പ്രധാനമന്ത്രി ; അൻവർ ഇബ്രാഹിം അധികാരമേറ്റു

mml

ക്വലാലംപൂർ: മലേഷ്യയിൽ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ പകതൻ ഹരപൻ സഖ്യ നേതാവ് അൻവർ ഇബ്രാഹീം പ്രധാനമന്ത്രിയായി അധികാരമേറ്റു. അൻവർ ഇബ്രാഹീമിനെ പ്രധാനമന്ത്രിയായി മലേഷ്യൻ രാജാവ് സുൽത്താൻ അബ്ദുള്ള അഹമ്മദ് ഷാ നാമനിർദ്ദേശം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ക്വലാലംപൂരിലെ രാജകൊട്ടാരത്തിൽ വെച്ച് അദ്ദേഹം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.

അതേസമയം, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗസംഖ്യക്കായി ആരുമായാണ് അൻവർ ഇബ്രാഹീം അൻവർ ഇബ്രാഹീം സഖ്യധാരണയിലെത്തിയതെന്ന് വ്യക്തമല്ല.

തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെവന്ന സാഹചര്യത്തിലാണ് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥയുണ്ടായത്. ഇതോടെയാണ് പ്രതിസന്ധി പരിഹരിക്കാൻ രാജാവ് സുൽത്താൻ അബ്ദുള്ള ഇടപെട്ടത്. രാജ്യത്തിന്റെ നേട്ടത്തിനായി എല്ലാ രാഷ്ട്രീയക്കാരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് സുൽത്താൻ അബ്ദുല്ല രാജാവ് പ്രസ്താവനയിൽ പറഞ്ഞു. തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് അൻവർ ഇബ്രാഹീം ട്വീറ്റിൽ പറഞ്ഞു.

222 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇസ്മാഈൽ സാബ്രി യഅ്ഖൂബിന്റെ ബാരിസാൻ നാഷനൽ (ബി.എൻ) സഖ്യത്തിന് വൻ തിരിച്ചടി ഏറ്റിരുന്നു. ബി.എൻ സഖ്യം 30 സീറ്റിലേക്ക് ഒതുങ്ങി. അതേസമയം, അൻവർ ഇബ്രാഹീമിന്റെ പകതൻ ഹരപൻ സഖ്യമാണ് മുന്നേറ്റമുണ്ടാക്കിയത്. 82 സീറ്റ് സ്വന്തമാക്കിയെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. മുൻ പ്രധാനമന്ത്രി മുഹ്‍യുദ്ദീൻ യാസീന്റെ നേതൃത്വത്തിൽ മലായ് കേന്ദ്രമായുള്ള പെരികതൻ നാഷനൽ (പി.എൻ) പാർട്ടി 73 സീറ്റ് നേടി. ഇതോടെയാണ് കൂട്ടുകക്ഷി ഭരണത്തിലേക്ക് നീങ്ങിയത്. 

Share this story