മഹ്‌സ അമിനിയുടെ മരണം: പ്രതിഷേധത്തിനിടെ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 31 പേർ
ghg

ടെഹ്‌റാന്‍: മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തില്‍ ഇറാനില്‍ അലയടിക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളില്‍ 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

തങ്ങളുടെ മൗലികാവകാശങ്ങളും മാനുഷികപരമായ അന്തസ്സും നേടിയെടുക്കാന്‍ ഇറാനിയന്‍ ജനത തെരുവിലിറങ്ങിയിരിക്കുകയാണ്, അവരുടെ സമാധാനപരമായ പ്രതിഷേധത്തെ വെടിയുണ്ടകള്‍ കൊണ്ടാണ് ഭരണകൂടം നേരിടുന്നത് - ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (IHR) ഡയറക്ടര്‍ മഹ്‌മൂദ് അമീറി മുഗദ്ദം പ്രസ്താവനയില്‍ അറിയിച്ചു. വടക്കന്‍ മസാന്‍ഡരന്‍ പ്രവിശ്യയിലെ അമോലില്‍ ബുധനാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ 11 പേരും ബാബോലില്‍ ആറ് പേരും കൊല്ലപ്പെട്ടതായി ഐഎച്ച്ആര്‍ പറഞ്ഞു.

മുപ്പതിലേറെ നഗരങ്ങളില്‍ പ്രതിഷേധസമരങ്ങള്‍ നടക്കുന്നതായും ഐഎച്ച്ആര്‍ വ്യക്തമാക്കി. ഇറാനില്‍ പ്രതിഷേധം ആരംഭിച്ചിട്ട് ആറ് ദിവസമായി. മഹ്‌സ അമിനിയുടെ ജന്മദേശമായ കുര്‍ദിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയിലാണ് പ്രതിഷേധം ആരംഭിച്ചത്. ഇപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. പ്രധാനനഗരങ്ങളിലൊന്നായ തബ്രിസിലാണ് ആദ്യ പ്രതിഷേധമരണം ഉണ്ടായത്. വിഷയത്തില്‍ അന്താരാഷ്ട്രസമൂഹത്തിന്റെ കുറ്റപ്പെടുത്തലും താത്പര്യവും അപര്യാപ്തമാണെന്നും അമീറി മുഗദ്ദം അഭിപ്രായപ്പെട്ടു.

ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ സദാചാര പോലീസായ ഗഷ്ത്-ഇ-ഇര്‍ഷാദ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി ആദ്യം കോമയിലാവുകയും കഴിഞ്ഞ വെള്ളിയാഴ്ച മരിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസ് ഭാഷ്യം. അവധിയാഘോഷിക്കാന്‍ കുടുംബാംഗങ്ങളോടൊപ്പം ടെഹ്‌റാനില്‍ എത്തിയതായിരുന്നു മഹ്‌സ അമിനി.

മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് പരസ്യമായി ഹിജാബ് വലിച്ചെറിഞ്ഞും തീയിട്ടും മുടി മുറിച്ചുമാണ് സ്ത്രീസമൂഹം പ്രതിഷേധിക്കുന്നത്. പ്രതിഷേധസമരങ്ങളുടെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതിലാണ് പ്രചരിക്കുന്നത്.

ഇറാനിലെ വസ്ത്രധാരണ നിബന്ധനയനുസരിച്ച് സ്ത്രീകള്‍ മുടി മറയ്ക്കുകയും നീളമുള്ളതും അയഞ്ഞതുമായ വസ്ത്രം ധരിക്കുകയും വേണം. ഇറുകിയ വസ്ത്രങ്ങളോ കീറലുകളുള്ള ജീന്‍സോ അനുവദനീയമല്ല. ആകര്‍ഷകമായ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ല. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സദാചാര പോലീസിന്റെ സംഘം എല്ലായ്‌പോഴും പൊതുസ്ഥലങ്ങളിലുണ്ടായിരിക്കും. ഇറുകിയ ട്രൗസര്‍ ധരിക്കുകയും തലമുടി മറയ്ക്കാതിരിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മഹ്‌സ അമിനിയെ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്.

Share this story