സാന്റിയാഗോയുടെ ഖനിയിൽ വൻ ഗർത്തം; കാരണമന്വേഷിച്ച് ശാസ്ത്രലോകം
gartham

സാന്റിയാഗോ: ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയുടെ ഖനിയിൽ വൻ ഗർത്തം. 25 മീറ്റർ വ്യാസമുള്ള ഗർത്തമാണ് കണ്ടെത്തിയത്. കനേഡിയൻ കമ്പനിയായ ലുൻഡിൻ മൈനിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് ഗർത്തം കണ്ടെത്തിയത്. അവധി ദിനത്തിന് ശേഷം ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം ഇത് ക​ണ്ടത്. തുടർന്ന് ജിയോളജി വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

ഗർത്തത്തിന് ഏകദേശം 200 മീറ്റർ ആഴമുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് ജിയോളജി വകുപ്പ് ഡയറക്ടർ ഡേവിഡ് മൊ​ന്റേഗ്രോ പറഞ്ഞു. ഗർത്തത്തിൽ പ്രത്യേക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. എന്നാൽ, ധാരാളം വെള്ളം ഗർത്തത്തിലുണ്ടെന്നും ​​അദ്ദേഹം പറഞ്ഞു.

കൂടുതൽ അന്വേഷണങ്ങൾക്കായി ഖനി അടച്ചിട്ടിരിക്കുകയാണെന്ന് ലുൻഡിൻ മൈനിങ് കമ്പനി അറിയിച്ചു. ഖനിയിലെ തൊഴിലാളികൾക്കൊന്നും ഗർത്തത്തിൽ വീണ് പരിക്കേറ്റിട്ടില്ല. ഖനിയിൽ ഗർത്തം കണ്ടെത്തിയുടൻ തൊഴിലാളികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്ന് 600 മീറ്റർ അകലെയാണ് ഒരു വീട് സ്ഥിത് ചെയ്യുന്നത്. ഇതിനടുത്ത് കാര്യമായ ജനവാസപ്രദേശങ്ങളില്ലെന്നും കമ്പനി വ്യക്തമാക്കി.

Share this story