ഇന്ന് ഹിരോഷിമ ദിനം

google news
hiroshima

നിഷ്കളങ്കരായ ജനതയ്ക്കുമേൽ സാമ്രാജ്യത്വം ഏൽപ്പിച്ച പ്രഹരമായിരുന്നു 1945 ഓഗസ്റ്റ് 6 ലെ ആ കറുത്ത ദിനം.ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യ അണുബോംബ് അമേരിക്ക വർഷിച്ചത് അന്നായിരുന്നു.

1945 ഓഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന അണുബോംബ് പതിച്ചത്. ആകാശത്തിനപ്പുറം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഒരു നഗരത്തെ മുഴുവനായും വിഴുങ്ങി.

ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമായിരുന്നു 1939 മുതൽ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോക മഹായുദ്ധം. പടിഞ്ഞാറൻ സഖ്യത്തിന്റെയും സോവിയറ്റ് യൂണിയന്റെയും മുന്നേറ്റത്തിനൊടുവിൽ 1945 മെയ് 8 ന് ജർമനി കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധത്തിന് അന്ത്യമായി. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു.

ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ചായിരുന്നു അമേരിക്കയുടെ പ്രതികാരം . ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി.മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു.

അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ആണവ പ്രസരം മൂലമുണ്ടായ രോഗങ്ങളാൽ നീണ്ട 77 വർഷങ്ങൾക്കിപ്പുറവും മരിച്ചുകൊണ്ടിരിക്കുന്നു. ഹിരോഷിമ ജപ്പാന്റെ മാത്രം നടുക്കമല്ല ലോകത്തിന്റെ മുഴുവൻ വിങ്ങലാണ്.
 

Tags