യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ, ജർമനി, ബ്രസീൽ, ജപ്പാൻ എന്നീ രാജ്യങ്ങളെ സ്ഥിരാംഗങ്ങളാക്കാനുള്ള പിന്തുണ ആവർത്തിച്ച് ഫ്രാൻസ്

uj

യുനൈറ്റഡ് നാഷൻസ്: വിപുലീകരിച്ച യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ, ജർമനി, ബ്രസീൽ, ജപ്പാൻ എന്നീ രാജ്യങ്ങളെ സ്ഥിരാംഗങ്ങളാക്കാനുള്ള പിന്തുണ ഫ്രാൻസ് ആവർത്തിച്ചു. ''സ്ഥിരാംഗങ്ങളാക്കാനുള്ള ജർമനി, ബ്രസീൽ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സ്ഥാനാർത്ഥിത്വത്തെ ഫ്രാൻസ് പിന്തുണയ്ക്കുന്നു. സ്ഥിരാംഗങ്ങൾ ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങളുടെ ശക്തമായ സാന്നിധ്യവും യു.എന്നിൽ കാണാൻ ആഗ്രഹിക്കുന്നു.''-യു.എന്നിലെ ഫ്രാൻസിന്റെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി നതാലി ബ്രോഡ്ഹർസ്റ്റ് വെള്ളിയാഴ്ച പറഞ്ഞു.

യു.എൻ പൊതുസഭ പ്ലീനറി യോഗത്തിൽ 'സെക്യൂരിറ്റി കൗൺസിലിലെ അംഗത്വത്തിലും രക്ഷാസമിതിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും തുല്യ പ്രാതിനിധ്യത്തിന്റെ ചോദ്യവും വർധനവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. രക്ഷാസമിതിയിൽ സ്ഥിരമായ സാന്നിധ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറുള്ളതും കഴിവുള്ളതുമായ പുതിയ ശക്തികളുടെ ആവിർഭാവം തീർച്ചയായും കണക്കിലെടുക്കണ​മെന്നും ബ്രോഡ്ഹർസ്റ്റ് പറഞ്ഞു. വിപുലീകരിച്ച സമിതിക്ക് 25 അംഗങ്ങൾ വരെ ഉണ്ടായിരിക്കാമെന്ന് ബ്രോഡ്‌ഹർസ്റ്റ് പറഞ്ഞു.

വിപുലീകരിച്ച യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ, ജർമനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങളെ സ്ഥിരാംഗങ്ങളാക്കുന്നതിന് യു.കെയും പിന്തുണ പ്രഖ്യാപിച്ചു. 15 രാഷ്ട്ര കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ, യു.എൻ ബോഡിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകുന്നതിന് യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story