'എവറസ്റ്റിന്റെ രാജ്ഞി' പത്താം തവണയും കൊടുമുടി കീഴടക്കി!
evarest

'എവറസ്റ്റിന്റെ രാജ്ഞി' ലക്പ ഷേര്‍പ്പ പത്താം തവണയും കൊടുമുടി കീഴടക്കി സ്വന്തം റെക്കോര്‍ഡ് തിരുത്തി. ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കയറിയ വനിതയെന്ന സ്വന്തം റെക്കോഡാണ് ലക്പ ഒരിക്കല്‍കൂടി തിരുത്തിയത്. പന്ത്രണ്ടാം തീയതി വ്യാഴാഴ്ച രാവിലെയായിരുന്നു 8849 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടി, ലക്പ കീഴടിക്കിയതെന്ന് അവരുടെ സഹോദരന്‍ മിംഗ്മ ഗെലു ഷേര്‍പ്പ പറഞ്ഞു. 

ക്രൗഡ് ഫണ്ടിംഗ് വഴിയായിരുന്നു ഇവര്‍ എവറസ്റ്റ് കയറാനുള്ള പണം കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍തവണ എവറസ്റ്റ് കീഴടക്കിയ വനിതയെന്ന റെക്കോര്‍ഡ് ലക്പ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. പത്ത് തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യവനിതയാവുകയാണ് തന്റെ ലക്ഷ്യമെന്ന് ഉറച്ച്, കഠിനമായി പരിശ്രമിക്കുകയായിരുന്നു ഇവര്‍.

ഇപ്പോള്‍ യുഎസില്‍ താമസിക്കുന്ന 48-കാരിയായി ലക്പ മൂന്ന് മക്കളുടെ മാതാവുമാണ്. മേഖലയിലെ മകാലുവിലെ ബാലഖര്‍ക എന്ന പര്‍വ്വത ഗ്രാമത്തിലെ ഹിമാലയന്‍ മേഖലയിലുള്ള ഒരു ഗുഹയിലാണ് (1973) ഇവര്‍ ജനിച്ചത്. പതിനൊന്ന് മക്കളിലൊരാളാണ്. ഔപചാരിക വിദ്യാഭ്യാസം പോലുമില്ലാതിരുന്ന ഇവര്‍ ഒരു വരുമാന മാര്‍ഗ്ഗമായി ചെറുപ്പം മുതല്‍ പ്രദേശത്ത് എത്തുന്ന പര്‍വ്വതാരോഹകരെ സഹായിച്ച് പ്രവര്‍ത്തിക്കുമായിരുന്നു. 

15-ാം വയസ്സ് മുതല്‍ പര്‍വ്വതാരോഹകരുടെ കൂടെ പോര്‍ട്ടറായി ജോലി നോക്കി തുടങ്ങി. 2000ല്‍ അവര്‍ ഏഷ്യന്‍ ട്രെക്കിംഗ് സ്‌പോണ്‍സര്‍ ചെയ്ത ഒരു പര്യവേഷണ സംഘത്തിന്റെ നേതാവായി. 2000 സെപ്റ്റംബര്‍ 18-ന് അവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കി. എവറസ്റ്റ് കീഴക്കിയ ആദ്യ നേപ്പാളി വനിതകളില്‍ ഒരാളുകൂടിയാണ് അവര്‍.

റൊമേനിയന്‍ - അമേരിക്കന്‍ പര്‍വ്വതാരോഹകനായിരുന്നു ജോര്‍ജ് ഡിജ്മരെസ്‌കുവായിരുന്നു ലക്പയുടെ പങ്കാളി. 12 വര്‍ഷം ഒരുമിച്ചുജീവിച്ചതിനുശേഷം അവര്‍ അദ്ദേഹവുമായി വേര്‍പിരിഞ്ഞു. ലക്പയുടെ സഹോദരി മിംഗ്മ 2003 മെയ് 22-ന് 15 വയസ്സുള്ളപ്പോള്‍ എവറസ്റ്റ് കൊടുമുടിയിലെത്തിയിരുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും വ്യക്തിയുമാണ് മിംഗ്മ. അവരുടെ സഹോദരന്‍ മിംഗ്മ ഗെലു എട്ട് തവണയോളം എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്.

Share this story