മഹ്‌സ അമിനിയുടെ മരണം; തെരുവിലിറങ്ങി പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് ഇറാന്‍ പൊലീസ്
mahsa

ഇറാനില്‍ ശിരോവസ്ത്രത്തിന്റെ പേരില്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ രാജ്യത്ത് കടുത്ത പ്രതിഷേധമാണുണ്ടാകുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോമ സ്‌റ്റേജിലായിരുന്ന മഹ്‌സ അമിനി എന്ന ഇറാന്‍ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്. മഹ്‌സയുടെ മരണത്തില്‍ പ്രതിഷേധിച്ച മുപ്പതോളം പേരെ ഇറാന്‍ പൊലീസ് തല്ലിച്ചതച്ചു.

മഹ്‌സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് പരസ്യ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. യുഎന്‍ പൊതുസമ്മേളനത്തിനായി പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് ഈ സംഭവവികാസങ്ങള്‍. മഹ്‌സിയുടെ മരണത്തില്‍ ഇബ്രാഹിം റെയ്‌സി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

മഹ്‌സയുടെ ജന്മനാടായ കുര്‍ദിസ്ഥാനിലെ സാക്വസില്‍ ശനിയാഴ്ചയായിരുന്നു സംസ്‌കാരചടങ്ങുകള്‍. മഹ്‌സ ചികിത്സയില്‍ കഴിഞ്ഞിരുന്ന ടെഹ്‌റാനിലെ കസ്ര ആശുപത്രിക്ക് പുറത്തായിരുന്നു ആദ്യം പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്. പ്രതിഷേധം കനത്തതോടെ പൊലീസ് പ്രകടനം നടത്തിയവരെ അടിച്ചമര്‍ത്തുകയായിരുന്നു.

Share this story