കുഞ്ഞിനെ നഷ്ടമായ വേദന പങ്കുവച്ച് ക്രിസ്റ്റാനോ റൊണാള്‍ഡോ
ronaldo
ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ ഏറ്റവും ആഴമുള്ള ദുഖത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് റൊണാള്‍ഡോ

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണോള്‍ഡോയുടെ ആണ്‍കുഞ്ഞ് പ്രസവത്തിന് പിന്നാലെ മരണപ്പെട്ടു. താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. റൊണാള്‍ഡോയുടെ ഇരട്ടകുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ ഏറ്റവും ആഴമുള്ള ദുഖത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 
തനിക്കും പങ്കാളി ജോര്‍ജിന റൊഡ്രിഗസിനും ഇരട്ടക്കുട്ടികളാണ് പിറക്കാനിരിക്കുന്നതെന്ന് റൊണാള്‍ഡോ മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് ജോര്‍ജിന ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് പ്രസവശേഷം മരണപ്പെട്ടത്. ഈ ഭൂമിയിലേക്കെത്തിയ തന്റെ പെണ്‍കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന വസ്തുതയാണ് കടുത്ത വേദനയ്ക്കിടയിലും ആശ്വാസം പകരുന്നതെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.

തന്റെ മകള്‍ക്കും പങ്കാളിയ്ക്കും നിലവില്‍ കൃത്യമായ പരിചരണവും കരുതലും നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താരം നന്ദി അറിയിച്ചിട്ടുമുണ്ട്. തങ്ങളുടെ ആണ്‍കുഞ്ഞ് മാലാഖക്കുഞ്ഞാണെന്നും അവനെ എക്കാലവും തങ്ങള്‍ സ്‌നേഹത്തോടെ സ്മരിക്കുമെന്നും ക്രിസ്റ്റിയാനോ റൊണോള്‍ഡോ പറഞ്ഞു.

Share this story