ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിന് പിന്നാലെ ലെസ്റ്ററില്‍ സാമുദായിക സംഘര്‍ഷം; 15 പേര്‍ അറസ്റ്റില്‍

google news
lesture

ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിന് പിന്നാലെ ബ്രിട്ടനിലെ ലെസ്റ്ററിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി നിയോഗിച്ചിരുന്ന വലിയൊരു വിഭാഗം പൊലീസുകാരെ ലെസ്റ്ററിലെ മിഡ്‌ലാന്‍ഡിലേക്ക് പുനര്‍വിന്യസിച്ചതായി ചീഫ് കോണ്‍സ്റ്റബിള്‍ റോബ് നിക്‌സണ്‍ പറഞ്ഞു.

ആഗസ്റ്റ് 28ന് നടന്ന ഇന്ത്യപാകിസ്ഥാന്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് ശേഷം ഒരു വിഭാഗം ആക്രമം അഴിച്ചുവിടുകയായിരുന്നു. ഹിന്ദു മുസ്ലിം മത വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രകോപനപരമായ മുദ്രവാക്യങ്ങള്‍ വിളിച്ച് ഇരുവിഭാഗവും തെരുവിലിറങ്ങയതോടെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു. സമാധാന ആഹ്വാനവുമായി പൊലീസും ഭരണാധികാരികളും രംഗത്തെത്തിയെങ്കിലും അക്രമികള്‍ പിരിഞ്ഞു പോയിരുന്നില്ല. ഇതോടെ പൊലീസ് നേരിട്ടിറങ്ങി അക്രമികളെ അടിച്ചോടിക്കുകയായിരുന്നു.
നഗരത്തില്‍ കൂട്ടംകൂടി നില്‍ക്കുന്നവരോട് താമസസ്ഥലങ്ങളിലേക്ക് തിരിച്ചുപോകാന്‍ പൊലീസ് ഉത്തരവിട്ടു. സാമൂഹിക വിരുദ്ധ, കുറ്റകൃത്യ നിയമത്തിലെ 34, 35 വകുപ്പുകള്‍ പ്രകാരം പ്രത്യേകാധികാര പ്രയോഗത്തിലൂടെയാണ് പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. മേഖലയില്‍ സമാധാനം പാലിക്കാന്‍ പൊലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.ക്രിക്കറ്റ് മത്സരത്തിന് ശേഷം ആദ്യം ഇന്ത്യപാക് സംഘര്‍ഷമായി ഉയര്‍ന്ന പ്രശ്‌നം പിന്നീട് ഹിന്ദു മുസ്ലിം പ്രശ്‌നമായി ഉയരുകയായിരുന്നു. യുവാക്കളാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും ഹിതേഷ് പട്ടേല്‍ എന്നയാള്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നേരത്തെ 27 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Tags