ഹിന്ദിഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ അതിര്‍ത്തിയില്‍ നിയമിക്കാന്‍ ഒരുങ്ങി ചൈന
chaina

ഹിന്ദിഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ അതിര്‍ത്തിയില്‍ നിയമിക്കാന്‍ ചൈന ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പരിഭാഷകരായി ചൈനയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിച്ച ബിരുദധാരികളെ റിക്രൂട്ട് ചെയ്യാനാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) തയാറെടുക്കുന്നതെന്നാണ് ഇന്റലിജന്‍സ് വിവരം.

ടിബറ്റന്‍ സ്വയംഭരണമേഖലയോട് ചേര്‍ന്നുള്ള നിയന്ത്രണ രേഖകളില്‍ ആദ്യഘട്ടത്തില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നവരെ നിയമിക്കുമെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന് കീഴിലുള്ള ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റ് അടുത്ത മാസത്തോടെ നിയമനപ്രക്രിയകള്‍ പൂര്‍ത്തീകരിക്കും. 

പിഎല്‍എയില്‍ ഹിന്ദി പരിഭാഷകരെ നിയമിക്കുന്ന വിവരം അറിയിക്കുന്നതിനായി ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ചൈനയിലെ നിരവധി കോളജുകളും സര്‍വകലാശാലകളും സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. രഹസ്യാന്വേഷണ വിവരശേഖരണത്തിനും മറ്റു ജോലികള്‍ക്കുമായി പിഎല്‍എ സൈനികരെ ഹിന്ദി പഠിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Share this story