ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യം കംബോഡിയയില്‍

google news
cambodiya

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ കംബോഡിയയില്‍ കണ്ടെത്തി. 300 കിലോ ഭാരമുള്ള തിരണ്ടി വിഭാഗത്തില്‍പെടുന്ന ജയിന്റ് ഫ്രഷ്‌വാട്ടര്‍ സ്റ്റിങ്‌റേയെ മെകോങ് നദിയിലാണ് കണ്ടെത്തിയത്. തായ്‌ലന്‍ഡില്‍ 2005-ല്‍ പിടികൂടിയ മെകോങ് ജയിന്റ് കാറ്റ്ഫിഷിന്റെ (293 കിലോ) റെക്കോഡാണ് ഇതോടുകൂടി ഓര്‍മയായത്. ജൂണ്‍ 13-നാണ് പ്രാദേശിക മത്സ്യബന്ധനത്തൊഴിലാളികള്‍ 3.98 മീറ്റര്‍ നീളവും 2.2 മീറ്റര്‍ വീതിയുള്ളതുമായ ഭീമന്‍ തിരണ്ടിയെ മെകോങ് നദിയില്‍ നിന്ന് പിടികൂടുന്നത്. നദിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമെന്നോണം രാജ്യത്തെ ഫിഷറീസ് വിഭാഗം മത്സ്യബന്ധനം നടത്തുന്നവരോട് വലിപ്പം കൂടിയതോ വംശനാശ ഭീഷണി നേരിടുന്നവയോ ആയവയെ കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നീണ്ട 20 വര്‍ഷങ്ങള്‍ക്കിടെ ആറ് ഭൂഖണ്ഡങ്ങളിലെ നദികളിലും കായലിലും ഭീമന്‍ മത്സ്യങ്ങള്‍ക്കായി നടത്തിയ തിരച്ചില്‍ അവസാനിച്ചത് കംബോഡിയയിലാണെന്നും ജീവശാസ്ത്രജ്ഞര്‍ പറയുന്നു.

ജയിന്റ് ഫ്രഷ് വാട്ടര്‍ സ്റ്റിങ്‌റേയുടെ മുന്നോട്ടുള്ള സഞ്ചാരപാത രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളോടെയാണ് ഭീമന്‍ തിരണ്ടിയെ തിരികെ നദിയിലേക്ക് അയച്ചത്. ജയിന്റ് ഫ്രഷ്‌വാട്ടര്‍ സ്റ്റിങ്‌റേ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തില്‍ കൂടി ഉള്‍പ്പെടുന്ന മത്സ്യമാണ്. കഴിഞ്ഞ മേയില്‍ ഗവേഷക സംഘം ഇത്തരത്തില്‍ മറ്റൊര ഭീമന്‍ തിരണ്ടിയെ കണ്ടെത്തിയിരുന്നു. 181 കിലോ ഭാരമാണ് അന്ന് രേഖപ്പെടുത്തിയത്.

വംശനാശ ഭീഷണി നേരിടുന്ന വിഭാഗമായതിനാലും വലിപ്പക്കൂടുതല്‍ കണ്ടെത്തിയതിനാലും നദിയുടെ ആവാസവ്യവസ്ഥ ആരോഗ്യപരമായിരിക്കാമെന്നാണ് വിദ്ഗധര്‍ വിലയിരുത്തുന്നത്. ജൈവൈവിധ്യങ്ങളുള്ള മെകോങ് നദി ഇന്ന് അമിത മത്സ്യബന്ധനം, മലിനീകരണം പോലെയുള്ള നിരവധി പ്രതികൂല ഘടകങ്ങളാണ് ഇന്ന് നദി നേരിടുന്ന പ്രധാന വെല്ലുവിളി.

Tags