
ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനും, ഒരു അഭിഭാഷകനും ബ്രസീലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. 8 അംഗ സംഘമാണ് കൊലപാതകത്തിന് പിന്നില്‍. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും, മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ച അഞ്ച് പേരെ ഉടന്‍ പിടിക്കുമെന്നും പൊലീസ് അറിയിച്ചു.
ജൂണ്‍ 5 ന് ജവാരി താഴ്വരയില് റിപ്പോര്‍ട്ടിംഗ് യാത്രയ്ക്കിടെയാണ് ഡോം ഫിലിപ്പിനെയും, ബ്രൂണോ പെരേരയെയും കാണാതാവുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ചിലരെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ പ്രതികളിലൊരാള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചിട്ടത് താനാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തു.
മഴക്കാട്ടില്‍ നിന്നും കണ്ടെത്തിയ മൃതദേഹം വെള്ളിയാഴ്ചയോടെ പുറത്തെത്തിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ ഫിലിപ്സും പെരേരയും വെടിയേറ്റാണ് മരിച്ചതെന്ന് കണ്ടെത്തി. ഫിലിപ്സിന് ഒരു തവണയും പെരേരയ്ക്ക് മൂന്ന് തവണയും വെടിയേറ്റതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.