വടക്കന്‍ ഇസ്രായേലില്‍ 36 കാരന്‍ മരിച്ചതിനു പിന്നില്‍ അമീബ
Amoeba

ജെറുസലെം: വടക്കന്‍ ഇസ്രായേലില്‍ 36 കാരന്‍ മരിച്ചതിനു പിന്നില്‍ ഏകകോശ ജീവിയായ അമീബയാണെന്ന് കണ്ടെത്തിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. നയേഗ്ലെറിയ ഫൊവ്‌ലേറി അമീബയാണ് യുവാവിന്റെ മസ്തിഷ്‌കത്തില്‍ അണുബാധയ്ക്ക് കാരണമായതെന്നാണ് കണ്ടെത്തിയത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് സാധാരണ ഈ അമീബയെ കാണാറുള്ളത്.

ഇത്തരം അമീബകള്‍ മൂലം മസ്തിഷ്‌കത്തിനുണ്ടാകുന്ന അണുബാധയ്ക്ക് പ്രൈമറി അമീബിക് മെനിഞ്ചോന്‍സെഫാലിറ്റീസ് എന്നാണ് വൈദ്യശാസ്ത്രം നല്‍കിയിട്ടുള്ള പേര്. മനുഷ്യ ശരീരത്തില്‍ അമീബയെ കണ്ടെത്തുന്നത് തന്നെ അപൂര്‍വമാണ്. തടാകങ്ങള്‍, നദികള്‍, വ്യവസായ ശാലകളില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന മലിന ജലം, പ്രകൃതി ദത്ത ജല സ്രോതസ്സുകള്‍, അണുവിമുക്തമാക്കാത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവയില്‍ ഇത്തരം അമീബകള്‍ വളരും. എന്നാല്‍ കടലില്‍ ഇവക്ക് ജീവിക്കാന്‍ കഴിയില്ല എന്നതാണ് പ്രത്യേകത.

46 ഡിഗ്രി ചൂടുള്ള അന്തരീക്ഷത്തില്‍ മാത്രമേ ഇവയ്ക്ക് വളരാനാവൂ. മൂക്കില്‍ കൂടിയാണ് നയേഗ്ലെറിയ ഫൊവ്ലേറി മനുഷ്യശരീരത്തിലെത്തുന്നത്. നീന്തല്‍കുളത്തില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ക്കും അണുബാധയേല്‍ക്കുന്നത്. മൂക്കിലൂടെ കടന്ന് മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. തലവേദന, പനി, ക്ഷീണം, തൊണ്ടവേദന, ശരീരത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെടല്‍, കോച്ചിപ്പിടിത്തം, ഉന്‍മാദാവസ്ഥ എന്നിവയാണ് രോഗലക്ഷണങ്ങള്‍.

Share this story