അധിനിവേശത്തിന് തുനിഞ്ഞാല്‍ വലിയ വില നല്‍കേണ്ടി വരും'; ചൈനക്ക് മുന്നറിയിപ്പുമായി തായ്‌വാന്‍
china-taiwan
അധിനിവേശത്തിനായി ചൈന ശ്രമിച്ചാല്‍ വലിയ വില നല്‍കേണ്ടി വരും

തായ്‌വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചുള്ള ചൈനയുടെ സൈനികാഭ്യാസ പ്രകടനങ്ങള്‍ക്ക് മറുപടിയുമായി തായ്‌വാന്‍ നിയമനിര്‍മ്മാണ സഭാംഗം വാങ് ടിങ് യു. അധിനിവേശത്തിനായി ചൈന ശ്രമിച്ചാല്‍ വലിയ വില നല്‍കേണ്ടി വരും. അത് ചൈനക്ക് താങ്ങാനാകില്ല എന്നും വാങ് ടിങ് യു പറഞ്ഞു. 'ജനാധിപത്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശവും വിലപ്പെട്ടതായി കാണുന്ന രാജ്യമാണ് തായ്‌വാന്‍. ഏതൊരു അധിനിവേശ ശക്തിയേയും നേരിടുന്നതിനുള്ള കരുത്തും ആത്മവിശ്വാസവും അതിലൂടെ ലഭിക്കുന്നു. സൈനിക ഏറ്റുമുട്ടല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അധിനിവേശത്തിനായി ചൈന ശ്രമിച്ചാല്‍ താങ്ങാനാകാത്ത വില അവര്‍ നല്‍കേണ്ടി വരും', വാങ് ടിങ് യു പ്രതികരിച്ചു.
തായ്‌വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചു കൊണ്ടാണ് ചൈന സൈനികാഭ്യാസ പ്രകടനം ആരംഭിച്ചത്. തായ്‌വാന് ചുറ്റും സമുദ്രത്തിലേക്ക് നിരവധി മിസൈലുകള്‍ ചൈന വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. തായ്‌വാന്റെ വടക്ക്കിഴക്കന്‍, തെക്ക് പടിഞ്ഞാറന്‍ തീരത്തിന് സമീപത്തുള്ള സമുദ്ര ഭാഗത്തും ആകാശത്തും നിരവധി മിസൈലുകള്‍ വര്‍ഷിച്ചതായി ചൈനയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് വ്യക്തമാക്കി. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനമാണ് ചൈനയെ പ്രകോപിപ്പിച്ചത്.

Share this story