അമേരിക്കയിലെ ബ്രൂക്ക്‌ലിനില്‍ നടന്ന വാക്കുതര്‍ക്കത്തില്‍ 37 കാരനെ കുത്തിക്കൊന്നു
murder

അമേരിക്കയിലെ ബ്രൂക്ക്‌ലിനില്‍ നടന്ന വാക്കുതര്‍ക്കത്തില്‍ 37 കാരനെ കുത്തിക്കൊന്നു. നന്ദി (താങ്ക് യു) പറയാത്തതിന്റെ പേരിലാണ് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. സ്‌മോക്ക് ഷോപ്പിലേക്ക് വന്ന പ്രതിക്ക് കൊല്ലപ്പെട്ടയാള്‍ വാതില്‍ തുറന്ന് നല്‍കിയെങ്കിലും അയാള്‍ താങ്ക്‌സ് പറയാത്തതില്‍ തുടങ്ങിയ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം നടന്നത്. 

നന്ദി പറയാത്തതാണ് കൊലപാതകകാരണമെന്ന് ദൃക്‌സാക്ഷിയായ, ഷോപ്പിലെ ജീവനക്കാരന്‍ ഖാരെഫ് അല്‍സെയ്ദി പറഞ്ഞു. 'വാതില്‍ തുറന്ന് നല്‍കിയതിന് നിങ്ങള്‍ എന്താണ് നന്ദി പറയാത്തത്' എന്ന ചോദ്യത്തിന് 'നിങ്ങളോട് ഞാന്‍ എനിക്കായി ഡോര്‍ തുറന്ന് തരാന്‍ പറഞ്ഞില്ലല്ലോ' എന്ന് പ്രതി തിരിച്ച് ചോദിച്ചു. ഇത് ഇവര്‍ക്കിടയില്‍ വാക്കുത!ര്‍ക്കത്തിന് കാരണമായി. ഇത് പിന്നീട് കടയ്ക്ക് പുറത്തേക്ക് കയ്യാങ്കളിയായി നീങ്ങി. ധൈര്യമുണ്ടെങ്കില്‍ തന്നെ കത്തികൊണ്ട് കുത്താന്‍ കൊല്ലപ്പെട്ടയാള്‍ പ്രതിയെ വെല്ലുവിളിച്ചു. 

പ്രതി ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന തന്റെ സൈക്കിളില്‍ നിന്ന് കത്തിയെടുത്ത് മറ്റേയാളുടെ വയറ്റില്‍ കുത്തി. ഉടന്‍ തന്നെ ഇര, എന്നെ അയാള്‍ കുത്തിയെന്ന് ഉറക്കെ കരയാന്‍ തുടങ്ങി. പിന്നാലെ കടയിലേക്ക് ഓടിക്കയറുകയും രക്തത്തില്‍ കുളിച്ച് നിലത്ത് വീഴുകയുമായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കത്തി താഴെയിടാനും പ്രശ്‌നം അവസാനിപ്പിക്കാനും ഇരുവരോടും ആവശ്യപ്പെട്ടെങ്കിലും രണ്ടാളും കേട്ടില്ലെന്നും ദൃക്‌സാക്ഷിയായ ഖാരെഫ് അല്‍സെയ്ദി പറഞ്ഞു. 
 

Share this story