ലണ്ടനില്‍ പത്ത് വയസുള്ള മലയാളി ബാലികയ്ക്ക് വെടിയേറ്റു, നില ഗുരുതരം

london

ലണ്ടനിലെ ഹാക്ക്‌നിയില്‍ ബുധനാഴ്ച രാത്രിനടന്ന വെടിവെപ്പില്‍ പത്ത് വയസുള്ള മലയാളി ബാലികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകള്‍ ലിസ്സെല്‍ മരിയയ്ക്കാണ് വെടിയേറ്റത്. മറ്റ് മൂന്ന് പേര്‍ക്കും വെടിയേറ്റിട്ടുണ്ട്. വടക്ക് കിഴക്കന്‍ ലണ്ടനിലെ ഡാള്‍ട്ടണ്‍ കിങ്‌സ്‌ലാന്‍ഡ് ഹൈ സ്ട്രീറ്റിലെ ഒരു റസ്‌റോറന്റിന് സമീപം ബൈക്കില്‍ എത്തിയ ആളാണ് വെടിവെപ്പ് നടത്തിയത്.

സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. തോക്ക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ലണ്ടന്‍ ആംബുലന്‍സ് സര്‍വീസുകാരും സംഭവസ്ഥലത്ത് പരിശോധന നടത്തിയെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. മലയാളി പെണ്‍കുട്ടിയെ കൂടാതെ വെടിയേറ്റ മൂന്ന് പേരെയും കിഴക്കന്‍ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിവെപ്പിനെ തുടര്‍ന്നുള്ള അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് ഇരകളുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 
ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി താമസിച്ചിരുന്ന മലയാളി കുടുംബത്തിലെ അംഗമാണ് പരുക്കേറ്റ പെണ്‍കുട്ടി.

Tags