കരളലിയിക്കുന്ന കാഴ്ചയായി തന്റെ അവശതയിലും മക്കൾക്ക് മുലയൂട്ടുന്ന തെരുവ് നായ : രക്ഷകനായി സിദ്ദീഖ്

google news
ytfcv

തലയിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ കുടുങ്ങിയതിനെതുടർന്ന് വെള്ളവും ഭക്ഷണവും ഇല്ലാതെ അവശനിലയിലായിട്ടും തന്റെ കുട്ടികളെ ചേർത്തുപിടിച്ചു മുലയൂട്ടുന്ന ഒരു തെരുവ് നായ.. കണ്ണൂർ തളിപ്പറമ്പിലെ ജനങ്ങളുടെ കരളലിയിച്ച ഒരു കാഴ്ചയായിരുന്നു ഇത്. ഒടുവിൽ ആ നായയ്ക്ക് പുതുജീവനേകിയിരിക്കുകയാണ് തളിപ്പറമ്പിലെ പൊതു പ്രവർത്തകനും മൃഗ സ്നേഹിയുമായ മക്കി സിദ്ദീഖ്. 

തളിപ്പറമ്പ് കപാലികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിനു സമീപമായിരുന്നു തലയിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ കുടുങ്ങിയ നിലയിൽ നായയെ കണ്ടെത്തിയത്. ബോട്ടിൽ കുടുങ്ങിയതിനാൽ വെള്ളവും ഭക്ഷണവുംകഴിക്കാനാകാത്ത നായ തീർത്തും അവശനിലയിലായിരുന്നു . തൻ്റെ അവശതയിലും കൃത്യമായെത്തി   മക്കൾക്ക്  മുലയൂട്ടിയിരുന്ന നായ ഇതിനു ശേഷം എവിടേക്കെങ്കിലും ഓടിപ്പോകുകയാണ് ചെയ്തിരുന്നത്.

നായയുടെ ഈ ദയനീയാവസ്ഥ കണ്ട പ്രദേശത്തെ യുവാക്കൾ നായയുടെ തലയിൽ നിന്നും ബോട്ടിൽ അഴിച്ചെടുക്കാൻ ശ്രമം നടത്തിയെങ്കിലും  വിജയിച്ചില്ല. തുടർന്ന് ഇവർ തളിപ്പറമ്പിലെ പൊതുപ്രവർത്തകനും മൃഗ സ്നേഹിയുമായ മക്കി സിദ്ദീഖിനെ വിവരമറിയിക്കുകയായിരുന്നു.  സ്ഥലത്തെത്തിയ സിദ്ദീഖ് ഏറെ പണിപ്പെട്ടാണ് നായയെ പിടികൂടിയത്. ഇതോടെ തലോറയിലെ രാജേഷ് എന്ന യുവാവും നായയെ രക്ഷിക്കാനുള്ള സിദ്ദിഖിന്റെ ദൗത്യത്തിന് ഒപ്പം ചേർന്നു. തുടർന്ന് ഏറെ സാഹസികമായാണ് സിദ്ദീഖ്നായയുടെ തലയിൽ നിന്നും  ബോട്ടിൽ അഴിച്ചെടുത്തത്. 

ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിൻ്റെ ക്ഷീണവും പേടിയും കാരണം രക്ഷിക്കാനെത്തിയവരെയും അക്രമിക്കാനുള്ള സാധ്യത വളരെയധികമാണെന്നും ഇത്തരത്തിൽ ഉള്ള മൃഗങ്ങളെ വളരെ സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാൻ എന്നും  സിദ്ദീഖ് പറഞ്ഞു. അതേസമയം 

പ്ലാസ്റ്റിക്ക് ബോട്ടിലുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് കാരണം നായകൾ ഉൾപ്പെടെയുള്ള ജീവികൾ ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണെന്നും ദയവു ചെയ്ത് ആരും ഒഴിഞ്ഞ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ വലിച്ചെറിയരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലത്തായി നിരവധി നായകളും കുറുക്കന്മാരും ഇത്തരത്തിൽ അപകടത്തിൽ പെട്ടിരുന്നു. അവയെ എല്ലാം രക്ഷിക്കുന്നതിനും നേതൃത്വം നൽകിയത് മക്കി സിദ്ദീഖായിരുന്നു . 

Tags