ഭാസ്കരൻ ഇല്ലാതെ എന്ത് തെയ്യക്കാലം

google news
baskaran

എട്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് തെയ്യമാഘോഷങ്ങളുടെ ചരിത്രത്തിന്. എന്നാൽ അത്ര തന്നെ പ്രാധാന്യമർഹിക്കുന്നവരാണ് തെയ്യങ്ങളുടെ അണിയറയിൽ പ്രവർത്തിക്കുന്നവരും. തെയ്യങ്ങൾക്ക് രൂപഭംഗിയും വർണ്ണപ്പകിട്ടും നൽകാൻ കൈമെയ് മറന്ന് അധ്വാനിക്കുന്നവരെക്കുറിച്ചൊന്നും ആരുമോർക്കാറില്ല. അത്തരത്തിൽ ഒരാളാണ് കാസർഗോഡ് തൃക്കരിപ്പൂരിലെ മാണിയാട്ടെ ആലയിൽ ഭാസ്ക്കരൻ. 

ആലയിൽ ഭാസ്ക്കരൻ്റെ തയ്യൽ പുരയിൽ ചെന്നാൽ  ഒരു തെയ്യപ്പുരയെന്നേ തോന്നൂ. വിവിധ തരത്തിലുള്ള ഉടയാടകൾ രാപ്പകലില്ലാതെ തയ്ച്ചെടുക്കുന്ന തിരക്കിലാണ് ഈ 62 കാരൻ. തെയ്യങ്ങൾക്കുളള ഉടുത്തുകെട്ടുകൾ  തയ്ച്ചെടുക്കുന്നതിൽ വിദഗ്ദനാണിദ്ദേഹം. ഏറെ ക്ഷമയും അതിലേറെ ശ്രദ്ധയും വേണ്ട ജോലിയാണിത്, അതുകൊണ്ടു തന്നെ വിശ്രമമില്ലാതെയുള്ള ജോലി ചെയ്യുകയാണ് ഇപ്പോഴും  ഭാസ്ക്കരൻ.

വെള്ളത്തുണിയിൽ കറുപ്പും ചുവപ്പും   അതുപോലെ ചുവപ്പ് തുണിയിൽ കറുപ്പും വെള്ളയുമായ ചതുരാകൃതിയിലുള്ള തുണിക്കഷ്ണങ്ങൾ തയ്ച്ചെടുക്കുന്നു. ഏറെ സൂക്ഷ്മതയോടു കൂടിയാണ് ഇവ തയ്ച്ചു പിടിപ്പിക്കുന്നതും. ഇതിന് കൃത്യമായ അളവുകളും കണക്കുമുണ്ടെന്നാണ് ഭാസ്ക്കരൻ പറയുന്നത് . ഓരോ തെയ്യത്തിന് വേണ്ടിയും വ്യത്യസ്തമായ രീതിയിൽ തയ്ച്ചെടുക്കുന്ന ഈ ആടകൾക്കോരോന്നിന്നും കാണി മുണ്ട് ,കച്ചും കര,കൊണ്ടൽ,
കുപ്പിത്തളം ,കമ്പ് കാൽ എന്നിങ്ങനെയൊക്കെയാണ് പേരുകൾ. 

ഓരോ തെയ്യവും അരയിലുടുക്കുന്ന വസ്ത്രങ്ങൾക്കും അലങ്കാരങ്ങൾക്കും വ്യത്യസ്തതയുണ്ട്. പൂക്കട്ടിമുടി വയ്ക്കുന്ന തെയ്യങ്ങൾക്കെല്ലാം ചിറകുടുപ്പ് എന്ന അരച്ചമയമാണ് . വെളുമ്പൻ എന്ന വസ്ത്രാലങ്കാരമുള്ള തെയ്യങ്ങളിൽ ചിലതാണ് രക്തചാമുണ്ഡി, രക്തേശ്വരി, പുലിയുരുകാളി, കരിങ്കാളി, പുതിയഭഗവതി എന്നിവ.ഭൈരവൻ തെയ്യത്തിന് കാണിമുണ്ടാണ്. ഇവയെല്ലാം ഏറെ വൈദഗ്ദ്യത്തോടെയാണ് ഭാസ്ക്കരേട്ടൻ തയ്ച്ചെടുക്കുന്നത്.

അധികമാരും തന്നെ ഈ മേഖലയിലേക്ക് കടന്നുവരാത്തതിനാൽ തന്നെ തെയ്യങ്ങൾക്കുളള ഉടയാടകൾ തയ്ച്ചെടുക്കുന്നതിൽ അവസാന വാക്കാണ് മാണിയാട്ടെ ആലയിൽ ഭാസ്ക്കരനെന്ന തെയ്യക്കാരുടെ സ്വന്തം ഭാസ്ക്കരേട്ടൻ.

Tags