ഇരുപത്തിയൊന്ന് ആചാരവെടികളുടെ അകമ്പടിയോടെ ആരംഭിച്ച തീവണ്ടിയാത്ര ; തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയ്ക്ക് 120 വയസ്

The train journey started with the accompaniment of twenty-one ritual shots; Travancore's first railway turns 120 years old
The train journey started with the accompaniment of twenty-one ritual shots; Travancore's first railway turns 120 years old

 ഇരുപത്തിയൊന്ന് ആചാരവെടികളുടെ അകമ്പടിയോടെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ രാമയ്യ പച്ചക്കൊടി വീശി യാത്രയാക്കിയ ആദ്യ കല്‍ക്കരി തീവണ്ടിയാത്രയ്ക്ക് 120 വയസ്. കേരളത്തിലെ പഴക്കം ചെന്ന റെയില്‍വേപാതകളില്‍ ഒന്നായ, തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയാണ് 120 വർഷത്തെ സർവീസ് പൂർത്തിയാക്കിയിരിക്കുന്നത് . 94 കിലോമീറ്റര്‍ നീളുന്ന മീറ്റര്‍ഗേജ് പാത 1904 നവംബര്‍ 26നാണ് ഔദ്യോഗികമായി നാടിനു സമര്‍പ്പിച്ചത്.

1873ല്‍ ആണ് അന്നത്തെ മദ്രാസ് സര്‍ക്കാര്‍ കൊല്ലത്തെയും ചെങ്കോട്ടയെയും ബന്ധിപ്പിച്ച് മീറ്റര്‍ഗേജ് റെയില്‍പ്പാതയെ കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കുന്നത്. പാതയ്ക്കായി മുഖ്യ വ്യവസായകേന്ദ്രവും തിരുവിതാകൂറിന്റെ മധ്യഭാഗവുമായ കൊല്ലത്തേക്കാള്‍ ഉചിതമായ മറ്റൊരുസ്ഥലമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച 17 ലക്ഷം രൂപയും റെയില്‍വേയുടെ ഏഴുലക്ഷം രൂപയും തിരുവിതാംകൂര്‍ ദിവാനായിരുന്ന രാമയ്യങ്കാര്‍ അനുവദിച്ച ആറുലക്ഷം രൂപയും ആയിരുന്നു മൂലധനം.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രം തിരുന്നാളിന്റെ കാലത്ത് സര്‍വേ നടത്തി. 1900-ല്‍ നിര്‍മാണം ആരംഭിച്ചു. നിര്‍മാണം അത്ര എളുപ്പമായിരുന്നില്ല. മലനിരകള്‍ തുരന്ന് തുരങ്കവും പുഴകള്‍ക്ക് കുറുകെ പാലവും പണിതു. രണ്ടുവര്‍ഷത്തിനുള്ളില്‍ പാത പൂര്‍ത്തിയാക്കി ആദ്യം ചരക്കുതീവണ്ടിയോടിച്ച് പരീക്ഷിച്ചു. തുടര്‍ന്ന് 1904 ജൂലായില്‍ ആദ്യ യാത്രാവണ്ടി പാതയിലൂടെയോടി.

ശക്തമായ മഴയില്‍ തുരങ്കങ്ങളുടെ ചുവരുകള്‍ തകര്‍ന്നതിനാല്‍ ഉദ്ഘാടനദിവസം തീവണ്ടി ഓടിയത് കൊല്ലത്തുനിന്ന് പുനലൂര്‍ വരെ മാത്രം. പാത ബ്രോഡ്ഗേജാക്കുന്ന ജോലികള്‍ ആരംഭിച്ചത് 94 വര്‍ഷത്തിനുശേഷമാണ്. 106 വര്‍ഷത്തിനുശേഷം 2010 മെയ് 10-ന് കൊല്ലം മുതല്‍ പുനലൂര്‍വരെ 45 കിലോമീറ്റര്‍ ദൂരത്തില്‍ ആദ്യ ബ്രോഡ്ഗേജ് ട്രെയിന്‍ ഓടി. 49 കിലോമീറ്റര്‍ നീളുന്ന പുനലൂര്‍–ചെങ്കോട്ട പാതയിലും ഗേജ്മാറ്റം പൂര്‍ത്തിയാക്കി.

 എട്ട് വര്‍ഷത്തിനുശേഷം 2018-ല്‍ ആണ് കൊല്ലം മുതല്‍ ചെങ്കോട്ട വരെയും ബ്രോഡ്ഗേജ് ട്രെയിന്‍ ഓടിയത്. പിന്നെയും വര്‍ഷങ്ങളെടുത്തു പാത വൈദ്യുതീകരിക്കാന്‍. 2022 ജൂണ്‍ ഒമ്പതിനാണ് കൊല്ലം പുനലൂര്‍ പാതയില്‍ ആദ്യ വൈദ്യുതി ട്രെയിന്‍ ഓടിയത്. 2024 ജൂലൈ 27-ന് പുനലൂര്‍- ചെങ്കോട്ട പാതയിലും വൈദ്യുതി ട്രെയിന്‍ എത്തി.
 

Tags