സർബ് സീസൺ തുടങ്ങി ; സഞ്ചാരികളെ കാത്ത് സലാല
sss

മസ്കത്ത്: സർബ് സീസൺ ആരംഭിച്ചതോടെ സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി സലാല. വസന്തകാലത്തിന് പ്രാദേശികമായി അറിയപ്പെടുന്ന പേരാണ് സർബ്. സീസണിനോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 21 മുതൽ ഡിസംബർ 21വരെയാണ് സർബ് സീസൺ. ഈ ദിനങ്ങളിൽ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള കാലാവസ്ഥയായിരിക്കും ഇവിടത്തേത്. ഖരീഫ് സീസണിന് ശേഷവും ദോഫാറിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

ഇതിന്‍റെ ഭാഗമായി പച്ച പുതച്ചുനിന്നിരുന്ന സലാലക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് ദിവസങ്ങൾക്ക് മുമ്പ് 'ടൂർ ഓഫ് സലാല' സൈക്ലിങ് മത്സരങ്ങൾ നടന്നിരുന്നു. ഒമാൻ സൈക്ലിങ് അസോസിയേഷന്റെ സഹകരണത്തോടെ ദോഫാർ മുനിസിപ്പാലിറ്റിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ദോഫാർ ഗവർണറേറ്റിലെ വിനോദസഞ്ചാരവും സാംസ്കാരിക ആകർഷണങ്ങളും ഉയർത്തിക്കാട്ടുകയാണ് ടൂർ ഓഫ് സലാലയിലൂടെ ലക്ഷ്യമിട്ടിരുന്നത്. 11 ടീമുകളെ പ്രതിനിധാനംചെയ്ത് 70 സൈക്ലിങ് താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്.

ഇന്‍റർനാഷനൽ അയൺ മാൻ ഇവന്‍റിനും വ്യാഴാഴ്ച തുടക്കമായി. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങൾ ഉൾക്കൊള്ളുന്ന അയൺമാനിൽ 78 രാജ്യങ്ങളിൽനിന്നുള്ള 750ലധികം മത്സരാർഥികളാണ് പങ്കെടുക്കുന്നത്.

അതേസമയം, ഖരീഫ് സീസൺ കഴിഞ്ഞതോടെ സഞ്ചാരികളുടെ സന്ദർശനത്തിന് ദോഫാറിൽ കുറവ് വന്നിട്ടുണ്ട്. ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെയുള്ള കാലയളവില്‍ ലക്ഷക്കണക്കിന് ആളുകളാണ് ദോഫാര്‍ സന്ദര്‍ശിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം ദിനേന ആയിരക്കണക്കിന് പേരായിരുന്നു ഇവിടെ എത്തിയിരുന്നത്. മഹാമാരിമൂലം 2020ല്‍ സഞ്ചാരികളെ പൂര്‍ണമായും വിലക്കിയിരുന്നെങ്കില്‍ 2021ല്‍ നിയന്ത്രണങ്ങളോടെ സന്ദര്‍ശകരെ അനുവദിച്ചിരുന്നു. ഇത്തവണ വിവിധ കേന്ദ്രങ്ങളിലായിരുന്നു സംസ്കാരിക കലാപരിപാടികൾ അരങ്ങേറിയത്. അത് ഖരീഫ് സീസണണിനെ കൂടുതൽ ജനകീയമാക്കിയെന്നാണ് പലരും പറയുന്നത്. എന്നാൽ, ഒരിടത്ത് പരിപാടികൾ കേന്ദ്രീകരിക്കാത്തതിനാൽ പൊലിമ കുറഞ്ഞെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. മലയാളികളടക്കമുള്ള കച്ചവട സ്ഥാപനങ്ങളിൽ സാമാന്യം നല്ല തിരക്കായിരുന്നു കഴിഞ്ഞ മാസങ്ങളിൽ അനുഭവപ്പെട്ടത്.

Share this story