തനത് ഗ്രാമീണ ഉത്പന്നങ്ങളുടെ വൈവിധ്യത്തില്‍ കെടിഎമ്മിലെ ഉത്തരവാദിത്ത ടൂറിസം പവലിയന്‍

Responsible Tourism Pavilion at KTM in diversity of unique rural products
Responsible Tourism Pavilion at KTM in diversity of unique rural products

കൊച്ചി: ബേപ്പൂര്‍ കടലിലെ നക്ഷത്ര മത്സ്യങ്ങളും ചിപ്പികളും തീരത്തെ മണല്‍ത്തരികളും കൊണ്ട് തീര്‍ത്ത മെഴുകു കൂടുകള്‍, കളിമണ്ണില്‍ തീര്‍ത്ത കരവിരുതിന്‍റെ വിസ്മയങ്ങള്‍, വ്യത്യസ്തയിനം നൂലുകളിലും ഫൈബറിലും തീര്‍ത്ത കരകൗശല വൈദഗ്ധ്യങ്ങള്‍. കേരളത്തിന്‍റെ തനത്, ഗ്രാമീണ കരകൗശല നിര്‍മ്മാണ വൈദഗ്ധ്യം പുലര്‍ത്തുന്ന ഉത്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാകുകയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കെടിഎമ്മിലെ (കേരള ട്രാവല്‍ മാര്‍ട്ട്) ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ (ആര്‍ടി മിഷന്‍) പവലിയന്‍.

ഗ്രാമീണ ജനതയെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും തൊഴില്‍, ജീവിത നിലവാരം ഉയര്‍ത്തി ശാക്തീകരിക്കുകയും ചെയ്യുന്ന ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസറ്റര്‍ ചെയ്ത യൂണിറ്റുകളാണ് കെടിഎം എക്സ്പോയില്‍ പങ്കെടുക്കുന്നത്. ഉത്പന്നങ്ങളിലെ വൈവിധ്യവും കരകൗശല പ്രാവിണ്യവും കൊണ്ടാണ് ഇവര്‍ ബയേഴ്സിന്‍റെയും പ്രതിനിധികളുടെയും അഭിനന്ദനം നേടുന്നത്. കെടിഎം പന്ത്രണ്ടാം പതിപ്പിന്‍റെ ഭാഗമായി കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് എക്സ്പോ നടക്കുന്നത്.
 
ബേപ്പൂര്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 2022 മുതല്‍ പ്രവര്‍ത്തിക്കുന്ന 'കാന്‍ഡില്‍ ക്യൂന്‍' നാല് സ്ത്രീകളുടെ കൂട്ടായ്മയില്‍ നിന്ന് രൂപപ്പെട്ടതാണ്. ബേപ്പൂര്‍ കടലോരത്തു നിന്ന് ശേഖരിക്കുന്ന നക്ഷത്രമത്സ്യങ്ങളും ചിപ്പികളും കക്കകളും മണല്‍ത്തരികളുമെല്ലാം ഇവരുടെ മെഴുകുതിരി ഉത്പന്നങ്ങളെ മനോഹരമാക്കുന്നു. രൂപത്തിലും നിറത്തിലും വൈവിധ്യമുള്ള ഈ മെഴുകുതിരി വിളക്കുകള്‍ക്ക് കേരളത്തിലും പുറത്തും ആവശ്യക്കാരേറെയാണ്. കഴിഞ്ഞ വര്‍ഷം 200 ഓര്‍ഡറുകള്‍ വിദേശത്തുനിന്ന് ലഭിച്ചു. യൂറോപ്പില്‍ നിന്ന് 75 ഓര്‍ഡറുകള്‍ ലഭിച്ചത് ഈയടുത്താണ്. ഇത്തരമൊരു സംരംഭം ആരംഭിച്ചതും ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയതും തങ്ങളുടെ ഉപജീവനത്തില്‍ നിര്‍ണായകമായെന്ന് 'കാന്‍ഡില്‍ ക്യൂന്‍' അംഗം മിനി പറഞ്ഞു. ഷീജ, ഐശ്വര്യ, അഞ്ജു എന്നിവരാണ് മറ്റ് അംഗങ്ങള്‍. സുഗന്ധവ്യഞ്ജനങ്ങളും പൂക്കളും ചേര്‍ത്തതും ദീപാവലിക്കായി പല നിറങ്ങളില്‍ തയ്യാറാക്കിയതുമായ വിളക്കുകളും ഇവരുടെ ശേഖരത്തിലുണ്ട്.
 
ആര്‍ടി മിഷനില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ സംരംഭകയായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി വിജുന കേരളീയത നിറഞ്ഞുനില്‍ക്കുന്ന കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഫാഷന്‍ ഡിസൈനറായ വിജുന വര്‍ണനൂലുകളും ചായങ്ങളും കൊണ്ട് തീര്‍ക്കുന്ന ഉത്പന്നങ്ങള്‍ ഏറെ കൗതുകമുള്ളവയാണ്. ക്രാഫ്റ്റ് അക്കാദമി എന്ന പേരിലുള്ള വിജുനയുടെ ആര്‍ ടി യൂണിറ്റ് ചെറുകിട സംരംഭങ്ങളിലൂടെയുള്ള വനിതാ ശാക്തീകരണത്തിന്‍റെ മികച്ച മാതൃകയാണ്. എക്സ്പോയിലെത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കേരളത്തിന്‍റെ തനത് നെയ്ത്തുകലാവിദ്യ പരിചയപ്പെടാനും ഇത് വഴിയൊരുക്കുന്നു.

കളിമണ്ണില്‍ തീര്‍ത്ത വ്യത്യസ്തമാര്‍ന്ന ഉത്പന്നങ്ങളിലൂടെയാണ് കോഴിക്കോട് എലത്തൂര്‍ സ്വദേശി പി.ബി ബിദുല ശ്രദ്ധ നേടുന്നത്. 24 വര്‍ഷമായി കളിമണ്ണു കൊണ്ട് കരകൗശല വസ്തുക്കളും ശില്പങ്ങളും നിര്‍മ്മിക്കുന്ന ബിദുല ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ തുടക്കകാലം മുതല്‍ അതിന്‍റെ ഭാഗമാണ്. ഇത്തരം ഉത്പന്നങ്ങള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടെന്നും വരുമാനം ഉണ്ടാക്കാനാകുന്ന ലഘുസംരംഭമാണിതെന്നും ബിദുല പറയുന്നു. ആര്‍ക്കിടെക്ചര്‍മാര്‍, ഇന്‍റീരിയര്‍ ഡിസൈനര്‍ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത്. എക്സിബിഷനുകളിലൂടെയും ഉത്പന്നങ്ങള്‍ വില്‍ക്കുന്നു. ഇത്തരം ചെറുകിട സംരംഭങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മുന്നില്‍ വലിയ അവസരമാണ് ഉത്തരവാദിത്ത ടൂറിസം തുറന്നിടുന്നതെന്ന് ബിദുല അഭിപ്രായപ്പെട്ടു.
 
കേന്ദ്ര സര്‍ക്കാരിന്‍റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡില്‍ ഉത്തരവാദിത്ത മിഷന്‍ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ കടലുണ്ടി, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് കഴിഞ്ഞ ദിവസം പുരസ്കാരം ലഭിച്ചിരുന്നു. കടലുണ്ടിക്ക് ബെസ്റ്റ് റെസ്പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്.

പൊതുജനങ്ങള്‍ക്ക് നാളെ (ഞായറാഴ്ച) ഉച്ചയ്ക്കു ശേഷം കെടിഎം എക്സ്പോ സൗജന്യമായി സന്ദര്‍ശിക്കാം.

Tags