ടൂറിസത്തിലെ അനന്തസാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ തോട്ടം മേഖല
കൊച്ചി: സംസ്ഥാനത്തെ തോട്ടം മേഖലയിലെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാല്‍ കേരള ടൂറിസം പുതിയ തലത്തിലേക്കെത്തുമെന്ന് കേരള ട്രാവല്‍ മാര്‍ട്ടില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തോട്ടം മേഖലയുടെ വൈവിദ്ധ്യവത്കരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റ പിന്തുണ കൂടിയുണ്ടെങ്കില്‍ കേരള ടൂറിസത്തിന്‍റെ മുഖമുദ്രയായി ഇത് മാറുമെന്നും വ്യവസായലോകം കണക്ക് കൂട്ടുന്നു.
നിലവില്‍ സംസ്ഥാനത്തെ തോട്ടം മേഖലയുടെ അഞ്ച് ശതമാനം മാത്രമാണ് വൈവിദ്ധ്യവത്കരണത്തിന് അനുമതിയുള്ളത്. കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസം മേഖലയാണ് തോട്ടങ്ങള്‍. ടൂറിസം മേഖലയുടെ സ്വര്‍ണഖനിയാണ് പ്ലാന്‍റേഷനുകളെന്ന് സിജിഎച് എര്‍ത്തിന്‍റെ മേധാവിയും കെടിഎം സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റുമായിരുന്ന ജോസ് ഡോമനിക് ചൂണ്ടിക്കാട്ടി.
തോട്ടം മേഖലയില്‍ നിക്ഷേപം നടത്താന്‍ ടൂറിസം മേഖലയ്ക്ക് അനുമതി ലഭിച്ചാല്‍ ഈ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. നിലവിലുള്ള സാഹചര്യത്തില്‍ തന്നെ തോട്ടങ്ങളിലെ കെട്ടിടങ്ങള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്‍റെ നൈസര്‍ഗിക ടൂറിസം സാധ്യതകള്‍ക്ക് ഏറ്റവും അനുയോജ്യമാണ് പ്ലാന്‍റേഷന്‍ മേഖലയെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് പറഞ്ഞു. ചെറിയ തോതിലാണെങ്കിലും പല തോട്ടമുടമകളും ഹോംസ്റ്റേ മാതൃകയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതിന് ഏകീകൃത സംവിധാനം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പ്ലാന്‍റേഷന്‍ ഡയറക്ട്രേറ്റിലൂടെ സാധിക്കും. പൈതൃക ബംഗ്ലാവുകളും മനുഷ്യസ്പര്‍ശമേല്‍ക്കാത്ത മനോഹരയിടങ്ങളും കൊണ്ട് സമ്പന്നമാണ് പ്ലാന്‍റേഷനുകള്‍. ഇത് ഉപയോഗപ്പെടുത്തിയാല്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വമ്പന്‍ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാന്‍റേഷന്‍ മേഖലയിലെ ടൂറിസം അവസരങ്ങള്‍ പത്ത് ശതമാനമെങ്കിലും ഉപയോഗപ്പെടുത്തിയാല്‍ ടൂറിസം മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് ഈ രംഗത്തെ സംരംഭക സുജ അരുണ്‍ ചൂണ്ടിക്കാട്ടി. ഇന്ന് തോട്ടം മേഖലയിലെ പല ടൂറിസം സംരംഭങ്ങളും ഹോംസ്റ്റേ ലൈസന്‍സിലാണ് പ്രവര്‍ത്തിക്കുന്നത്. ഉദാരമായ സമീപനം സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായാല്‍ ഇത്രയും വൈവിദ്ധ്യമായ സേവനങ്ങള്‍ നല്‍കുന്ന മറ്റൊരു ടൂറിസം ഉത്പന്നമുണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തോട്ടം മേഖലയില്‍ കേരളത്തിന്‍റെ സമീപനം ഏറെ മെച്ചമാണെന്നാണ് ബ്രിയാര്‍ ടീ ബംഗ്ലാവ് സീനിയര്‍ മാനേജര്‍ വൈശാലി ഭൂഷണ എസ് പിയുടെ അഭിപ്രായം. തമിഴ്നാട്ടില്‍ പലയിടത്തും എസ്റ്റേറ്റ് ബംഗ്ലാവുകള്‍ നന്നാക്കാന്‍ പോലും അനുമതിയില്ല. കേരളത്തില്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നതും ലാഭകരമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിയാറിന്‍റെ കേരളത്തിലെ ബംഗ്ലാവുകളെല്ലാം സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളാണെന്നും അവര്‍ പറഞ്ഞു.
വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന കെടിഎമ്മില്‍ വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍ത്താക്കളുടെ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയാണ് നടക്കുന്നത്. മാര്‍ട്ട് സമാപിക്കുന്ന ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യമായി മാര്‍ട്ട് സന്ദര്‍ശിക്കാം.