ട്രാവൽ ലൗവേർസിന് സന്തോഷ വാർത്ത; ചലിക്കുന്ന കൊട്ടാരം വീണ്ടും ഓടിത്തുടങ്ങി
ട്രാവൽ ലൗവേർസിന് ഒരു സന്തോഷ വാർത്ത . ഇന്ത്യയുടെ അത്യാഡംബര തീവണ്ടിയായ പാലസ് ഓണ്‍ വീല്‍സ് ഈ വര്‍ഷത്തെ യാത്ര ആരംഭിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 'ചലിക്കുന്ന കൊട്ടാരത്തിന്റെ' ഈ സീസണിലെ ആദ്യ യാത്ര പുറപ്പെട്ടത്. രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി സുഷമ അറോറയും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര ഷെഖാവത്തും ചേര്‍ന്നാണ് ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.
സീസണുകള്‍ അനുസരിച്ചാണ് പാലസ് ഓണ്‍ വീല്‍സിന്റെ ടിക്കറ്റ് നിരക്കുകള്‍. ടൂറിസ്റ്റ് സീസണില്‍ ഡീലക്സ് ക്യാബിന്‍ ടിക്കറ്റിന് ഒരാള്‍ക്ക് 5,98,290 രൂപയും ടാക്സും സൂപ്പര്‍ ഡീലക്സ് ക്യാബിന്‍ ടിക്കറ്റിന് ഒരാള്‍ക്ക് 10,76,922 രൂപയും ടാക്സുമാണ് നിരക്ക്.
അമേരിക്ക, യു.കെ, സ്‌പെയിന്‍, പോളണ്ട്, ഓസ്‌ട്രേലിയ, യുക്രൈന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ ഉള്‍പ്പടെ 32 യാത്രികരാണ് ഈ യാത്രയിലുള്ളത്. ഇന്ത്യന്‍ റെയില്‍വേയും രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് ബോര്‍ഡും സംയുക്തമായാണ് പാലസ് ഓണ്‍ വീല്‍സ് സര്‍വീസ് നടത്തുന്നത്. 1982ലാണ് ഈ ട്രെയിന്‍ സര്‍വീസ് ആദ്യമായി ആരംഭിച്ചത്.
പാലസ് ഓണ്‍ വീല്‍സ് ട്രെയിനില്‍ 39 ഡീലക്സ് ക്യാബിനുകളും 2 സൂപ്പര്‍ ഡീലക്സ് ക്യാബിനുകളുമാണുള്ളത്. ആകെ 82 യാത്രക്കാര്‍ക്കാണ് ഒരു യാത്രയില്‍ പോകാന്‍ സാധിക്കുന്നത്. 25 ജീവനക്കാരും ഇതിലുണ്ടാകും. ഏഴ് രാത്രിയും എട്ട് പകലും കൊണ്ട് രാജസ്ഥാനിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെ 3000 കിലോമീറ്ററിലധികം ഈ ട്രെയിന്‍ സഞ്ചരിക്കും.
ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് ആരംഭിക്കുന്ന യാത്ര ജയ്പ്പൂര്‍, സവായ് മധോപ്പൂര്‍, ചിറ്റോര്‍ഗഡ്, ഉദയ്പ്പൂര്‍, ജയ്സാല്‍മിര്‍, ജോധ്പ്പൂര്‍, ഭരത്പ്പൂര്‍, ആഗ്ര എന്നിവടങ്ങളിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഏഴാം ദിവസം വൈകിട്ട് മടങ്ങിയെത്തും. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ആഡംബര ബസിലുള്ള യാത്രയും ഭക്ഷണവും മറ്റ് സേവനങ്ങളും എല്ലാം പാക്കേജില്‍ ഉള്‍പ്പെടും.
23 കോച്ചുകളുള്ള തീവണ്ടിയില്‍ ഓരോ കോച്ചിനും പഴയ രജപുത്രനാട്ടുരാജ്യങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ആഡംബര സൗകര്യങ്ങളും വൈഫൈയും ഉള്ള നാല് ക്യാബിനുകളുണ്ട്. കോണ്ടിനെന്റല്‍, ചൈനീസ് വിഭവങ്ങള്‍, ഒരു ബാര്‍ കംലോഞ്ച്, 14 സലൂണുകള്‍, സ്പാ തുടങ്ങിയ സൗകര്യങ്ങളുള്ള ട്രെയിനില്‍ മഹാരാജ, മഹാറാണി എന്നീ രണ്ട് റെസ്റ്റോറന്റുകളുമുണ്ട്.