ഡിസൈന്‍ പോളിസി സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതും സര്‍ഗ്ഗാത്മകവുമാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്

Design policy will make the state's economy strong and creative: Minister P. A Muhammad Riaz
Design policy will make the state's economy strong and creative: Minister P. A Muhammad Riaz

തിരുവനന്തപുരം: കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥ കരുത്തുറ്റതും സര്‍ഗ്ഗാത്മകവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സമഗ്ര ഡിസൈന്‍ പോളിസിക്ക് (രൂപകല്‍പനാ നയം) നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെടിഐഎല്‍) ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ത്രിദിന ഡിസൈന്‍ പോളിസി ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിടങ്ങള്‍ സുസ്ഥിരവും മനോഹരവും ഉപയോക്ത്യ സൗഹൃദവുമാക്കുന്നതിലൂടെ ടൂറിസം മേഖലയ്ക്കാണ് ഡിസൈന്‍ പോളിസിയുടെ പ്രയോജനം ഏറ്റവുമധികം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ ആഗോള ഡിസൈന്‍ ഡെസ്റ്റിനേഷനാക്കി മാറ്റുക, രൂപകല്‍പനയില്‍ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ  വികസിപ്പിക്കുക എന്നിവയാണ് ഡിസൈന്‍ പോളിസിയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍.

കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഡിസൈന്‍ പോളിസി നടപ്പാക്കലിന്‍റെ പുരോഗതിയെ സംബന്ധിച്ച് ശില്‍പശാലയില്‍ മന്ത്രി വിലയിരുത്തി.

സമഗ്രമായ ഡിസൈന്‍ പോളിസി സ്വീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. ആദ്യ പദ്ധതിയായി കൊല്ലം നഗരസഭയില്‍ റെയില്‍വേ മേല്‍പ്പാലത്തിന് കീഴിലുള്ള സ്ഥലം മോടിപിടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ഡിസൈന്‍ പോളിസി നടപ്പാക്കുന്നത് ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഈ നേട്ടം കരസ്ഥമാക്കുന്നതിന് വ്യക്തവും കൃത്യവുമായ സമയക്രമം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്‍റെ തനതായ സംസ്കാരം, കല, പൈതൃകം എന്നിവയെ ബ്രാന്‍ഡ് ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സംസ്ഥാനത്തിന്‍റെ പ്രത്യേക സാഹചര്യം മനസിലാക്കി പ്രായോഗിക പരിഗണനകളോടെയാണ് പദ്ധതികള്‍ക്ക് സമയപരിധി നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലോക ടൂറിസം ദിനത്തില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഏര്‍പ്പെടുത്തിയ രണ്ട് ടൂറിസം വില്ലേജ് അവാര്‍ഡുകള്‍ കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസത്തിന് കരസ്ഥമാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം മന്ത്രി പങ്കുവെച്ചു.

ശില്‍പശാലയില്‍ പങ്കെടുക്കുന്ന വിദഗ്ധരുടെ ആശയങ്ങളും നിര്‍ദേശങ്ങളും സമാപനശേഷം ടൂറിസം വകുപ്പിന് സമര്‍പ്പിക്കും.

ജലാശയങ്ങള്‍ക്കും പാലങ്ങള്‍ക്കും സമീപമുള്ള സ്ഥലം മോടിപിടിപ്പിക്കല്‍, തുറസ്സായ പൊതുസ്ഥലങ്ങളുടെ ഡിസൈന്‍, ബസ് സ്റ്റോപ്പുകള്‍ പ്രകാശിപ്പിക്കല്‍, മതിലുകളും തെരുവുകളും ആര്‍ട്ട് പ്രോജക്ടുകളിലൂടെ മികവുറ്റതാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ശില്‍പശാലയില്‍ ഉണ്ടാകും.

സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ മുന്‍ ഡീന്‍ പ്രൊഫ. കെ ടി രവീന്ദ്രന്‍, അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഡയറക്ടര്‍ പ്രൊഫ. പ്രവീണ്‍ നഹര്‍ എന്നിവര്‍ ശില്‍പശാലയിലുണ്ടായ നിര്‍ദേശങ്ങള്‍ പഠിച്ച ശേഷം സമഗ്രമായ അവലോകന റിപ്പോര്‍ട്ട് ടൂറിസം വകുപ്പിന് സമര്‍പ്പിക്കും.

കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വിഷ്ണുരാജ് പി, കെടിഐഎല്‍ മാനേജിംഗ് ഡയറക്ടര്‍ മനോജ് കുമാര്‍ കെ എന്നിവര്‍ ശില്‍പശാലയില്‍ സംസാരിച്ചു.

Tags