ടൂറിസം വിദ്യാഭ്യാസ മികവിന് കിറ്റ്സിന് മെട്രോ എക്സ്പെഡിഷന്‍സ് ടൂറിസം അവാര്‍ഡ്
തിരുവനന്തപുരം: മെട്രോ എക്സ്പെഡിഷന്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മെട്രോ എക്സ്പെഡിഷന്‍സ് ടൂറിസം അവാര്‍ഡിന് സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവെല്‍സ് സ്റ്റഡീസ് (കിറ്റ്സ്) അര്‍ഹമായി. ടൂറിസം വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ക്കാണ് പുരസ്കാരം.
കൊച്ചി ക്ലാസിക്കല്‍ ഇംപീരിയല്‍ ക്രൂയിസില്‍ നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയില്‍ നിന്ന് കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് എം.ആര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തമിഴ് നാട് ക്ഷീര വികസന വകുപ്പ് മന്ത്രി മനോ തങ്കരാജും പങ്കെടുത്തു.
കെ.ജെ. മാക്സി എംഎല്‍എ, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്‍റ് ഇ.എം.നജീബ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം വൈസ് പ്രസിഡന്‍റ് എം.ആര്‍.നാരായണന്‍, ശ്രീ ഗോകുലം ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് മാനേജിങ് ഡയറക്ടര്‍ ബൈജു ഗോപാലന്‍, കേരള ടൂറിസം ഡെവലപ്മെന്‍റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ പ്രസാദ് മഞ്ഞളി എന്നിവരും പങ്കെടുത്തു.
ടൂറിസം വ്യവസായത്തിന് ആവശ്യമായ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനായി സ്ഥാപിച്ച ഇന്ത്യയിലെ തന്നെ ആദ്യകാല ടൂറിസം സ്ഥാപനങ്ങളിലൊന്നാണ് കിറ്റ്സ്. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഉയര്‍ന്ന വൈദഗ്ധ്യമുള്ള നൂറു കണക്കിന് പ്രൊഫഷണലുകളെയാണ് ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കിറ്റ്സ് പ്രതിവര്‍ഷം സംഭാവന ചെയ്യുന്നത്. അന്താരാഷ്ട്ര പ്രശസ്തമായ കിറ്റ്സ് യുഎന്‍ ടൂറിസത്തിന്‍റെ അഫിലിയേറ്റഡ് അംഗമാണ്. കൂടാതെ അയാട്ടയുടെ (ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍) അംഗീകൃത പഠന കേന്ദ്രവുമാണ്.
എംബിഎ ഉള്‍പ്പെടെ പത്തിലധികം വ്യത്യസ്ത വ്യവസായ-അധിഷ്ഠിത കോഴ്സുകളും കിറ്റ്സ് നടത്തുന്നുണ്ട്. കൂടാതെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടികളും കിറ്റ്സ് നടത്തി വരുന്നു.