ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്വറി എസ്കേപ്സ് ഐബിഎസുമായി പങ്കാളിത്തത്തില്‍
തിരുവനന്തപുരം: ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി മുന്‍നിര ഓസ്ട്രേലിയന്‍ ട്രാവല്‍ പ്രൊവൈഡറായ ലക്ഷ്വറി എസ്കേപ്സ് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐലോയല്‍ സൊല്യൂഷന്‍ തെരഞ്ഞെടുത്തു. ഏഴ് ദശലക്ഷത്തിലധികം വരുന്ന ആഗോള ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കി വിശ്വസ്തത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലക്ഷ്വറി എസ്കേപ്സ് ഐബിഎസിന്‍റെ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഐബിഎസ് സോഫ്റ്റ് വെയര്‍ ലോയല്‍റ്റി ഫോറത്തിലാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ട്രാവല്‍ കമ്പനികളിലൊന്നായ ലക്ഷ്വറി എസ്കേപ്സിന്‍റെ ലോയല്‍റ്റി പ്രോഗ്രാമിലെ ആദ്യ ഡിജിറ്റലൈസേഷന്‍ നടപടിയാണിത്. ഐബിഎസിന്‍റെ ലോയല്‍റ്റി മാനേജ്മെന്‍റ് സിസ്റ്റമായ ഐലോയല്‍ നടപ്പിലാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ യാത്രാ സേവനങ്ങളും ഡിജിറ്റല്‍ സൊല്യൂഷനുകളും നല്‍കാന്‍ കമ്പനിക്കാകും. വ്യക്തിഗത ഓഫറുകള്‍ നല്‍കുന്നതിനും യാത്രയിലുടനീളം ഉപഭോക്താക്തൃ അനുഭവം മികവുറ്റതാക്കാനും ഇതുവഴി സാധിക്കും.
മികച്ചതും അതിവേഗത്തിലുമുള്ള സേവനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനൊപ്പം ട്രാവല്‍-ഹോസ്പിറ്റാലിറ്റി വിപണിയില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കാനും ഐബിഎസുമായുള്ള പങ്കാളിത്തം ലക്ഷ്വറി എസ്കേപ്സിനെ പ്രാപ്തമാക്കും.
യാത്രയുടെ ഓരോ ഘട്ടത്തിലും ഉപഭോക്താക്കളുമായി ഇടപെടാന്‍ നൂതന ഡിജിറ്റല്‍ സൊല്യൂഷനുകള്‍ ആവശ്യമാണെന്ന് ലക്ഷ്വറി എസ്കേപ്സിന്‍റെ സഹസ്ഥാപകനും സിഇഒയുമായ ആദം ഷ്വാബ് പറഞ്ഞു. ഉപഭോക്താക്കളുടെ സംതൃപ്തിക്ക് ഞങ്ങള്‍ ഏറെ മൂല്യം കല്‍പ്പിക്കുന്നു. അതിനാല്‍ അവര്‍ക്ക് ആവര്‍ത്തിച്ച് റിവാര്‍ഡുകളും ഓഫറുകളും നല്‍കുന്നതിനും ശ്രദ്ധിക്കുന്നു. വ്യക്തിഗത ലോയല്‍റ്റി ഓഫറിനായി ഐബിഎസിന്‍റെ ഐലോയല്‍ സൊല്യൂഷന്‍ നടപ്പിലാക്കുന്നതില്‍ സന്തുഷ്ടരാണെന്നും ഇത് ലക്ഷ്വറി എസ്കേപ്സിന്‍റെ ഉപഭോക്തൃ അടിത്തറയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രാ സേവനങ്ങള്‍ക്കുള്ള ഡിജിറ്റല്‍ സൊല്യൂഷനുകളുടെയും ലോയല്‍റ്റി പ്രോഗ്രാമുകളുടെയും മൂല്യം തിരിച്ചറിഞ്ഞ് ഐബിഎസിന്‍റെ ഐലോയല്‍ പ്ലാറ്റ് ഫോം തെരഞ്ഞെടുത്ത ലക്ഷ്വറി എസ്കേപ്സിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇതൊരു നാഴികക്കല്ലാണെന്നും ഐബിഎസ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്‍റും ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് സെയില്‍സ് മേധാവിയുമായ സുനില്‍ ജോര്‍ജ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകവും അതുല്യവുമായ യാത്രാനുഭവത്തിനായി ഐബിഎസിന്‍റെ ഡിജിറ്റല്‍ സൊല്യൂഷന്‍ നടപ്പിലാക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013 ല്‍ ഓസ്ട്രേലിയയില്‍ സ്ഥാപിതമായ ലക്ഷ്വറി എസ്കേപ്സ് കുറഞ്ഞ നിരക്കില്‍ യാത്രാ പാക്കേജുകള്‍ നല്‍കുന്ന ട്രാവല്‍ കമ്പനിയാണ്. സജീവമായ വെബ്സൈറ്റ്, ആപ്പ്, 24 മണിക്കൂര്‍ കോള്‍ സെന്‍റര്‍ എന്നിവ ഇതിന്‍റെ പ്രത്യേകതയാണ്. ലോകോത്തര താമസസൗകര്യം, ഉല്ലാസയാത്രകള്‍, ഫ്ളൈറ്റുകള്‍, യാത്രാ ഇന്‍ഷുറന്‍സ്, കാര്‍ വാടകയ്ക്കെടുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ കമ്പനി നല്‍കുന്നു.