എഐ ടൂറിസ്റ്റുകളാണ് ഭാവി; ടൂറിസം വ്യവസായം സ്വയം തയ്യാറെടുക്കണം: കെടിഎം സെമിനാര്‍
കൊച്ചി: നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഭാവിയിലെ സഞ്ചാരികള്‍ ടൂറിസം മേഖലയെ സമീപിക്കാന്‍ പോകുന്നതെന്ന് കേരള ട്രാവല്‍ മാര്‍ട്ടില്‍ നടത്തിയ 'ടൂറിസം വ്യവസായത്തില്‍ എഐയുടെ ഉപയോഗം' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തെ നേരിടാനും ഉപയോഗപ്പെടുത്താനും സംസ്ഥാനത്തെ ടൂറിസം മേഖല സ്വയം തയ്യാറെടുക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
പൂര്‍ണമായും ടെക്നോളജിയുടെ സഹായത്തോടെ ജീവിക്കുന്ന തലമുറയാണ് 20 വയസ്സില്‍ താഴെ വളര്‍ന്നു വരുന്നതെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി. ഇവരാണ് ഭാവിയിലെ സഞ്ചാരികള്‍. വ്യക്തിഗതവും അനുഭവ വേദ്യവുമായ ടൂറിസം കേന്ദ്രങ്ങള്‍, ഭാഷാ സഹായം, ഇന്‍റലിജന്‍റ് വെര്‍ച്വല്‍ അസിസ്റ്റന്‍റ് എന്നിവയെല്ലാമാണ് ടൂറിസത്തിലെ ഭാവി. ഏതാണ് വിശ്വാസയോഗ്യം ഏതാണ് അല്ലാത്തത് എന്നത് സംബന്ധിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടൂറിസ്റ്റുകള്‍ മുന്നോട്ടു പോകുന്നത്. സീസണ്‍ പ്ലാനിംഗ്, ഇവന്‍റ് പ്ലാനിംഗ്, വീഡിയോ അനാലിസിസ് എന്നിവയെല്ലാം അവര്‍ പരീക്ഷിക്കുന്നു.
ചരിത്രസ്മാരകങ്ങള്‍, സാംസ്ക്കാരിക കേന്ദ്രങ്ങള്‍ എന്നിവയെ കൂടുതല്‍ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ എആര്‍-വിആര്‍ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ട്രെക്കിംഗ്, സമുദ്രാന്തര കാഴ്ചകള്‍ എന്നിവ പ്രായഭേദമന്യേ ഏവരിലേക്കും എത്തിക്കാനും പറ്റും. എഐ ഉപയോഗത്തിലൂടെ തട്ടിപ്പ് തടയുകയെന്നത് വെല്ലുവിളിയാണ്. ഇന്‍വന്‍ററി, റവന്യു മാനേജ്മന്‍റ് എന്നിവയിലൂടെ വരുമാനനഷ്ടം കുറയ്ക്കാനും ടൂറിസം വ്യവസായത്തിനാകും. സ്മാര്‍ട്ട് ടൂറിസം ഡെസ്റ്റിനേഷനുകളുടെ എണ്ണം സംസ്ഥാനം ഗണ്യമായി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എഐ സാങ്കേതികവിദ്യ ടൂറിസം ഉപഭോക്താക്കള്‍ സ്വീകരിച്ചു കഴിഞ്ഞെന്ന് ഐബിഎം ജെന്‍ എഐ കണ്‍സല്‍ട്ടിംഗ് പാര്‍ട്ണര്‍ ശമീന്ദ്ര ബസു പറഞ്ഞു. എഐയുടെ ഉപയോഗം മൂലം തൊഴില്‍ നഷ്ടമുണ്ടാകില്ല. പകരം എഐ നൈപുണ്യമുള്ള ജീവനക്കാര്‍ക്ക് കൂടുതല്‍ അവസരമുണ്ടാകും. ഇന്ത്യയിലെ എഐ ഉപയോഗം ലോകശരാശരിയേക്കാള്‍ രണ്ട് മടങ്ങ് അധികമാണ്. എഐ ടൂള്‍സ് ഉപയോഗിക്കുന്നതില്‍ ഇന്ത്യ ലോകത്ത് രണ്ടാമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കുതിച്ചു ചാട്ടത്തിനൊപ്പം ടൂറിസം മേഖലയും വളരേണ്ടതുണ്ട്. കൃത്യമായ ഡാറ്റാ വിശകലനമാണ് ഇതില്‍ പ്രധാനം. ടൂറിസ്റ്റുകളുടെ സഞ്ചാര സ്വാഭാവത്തില്‍ വരുന്ന ഓരോ മാറ്റവും എഐ ഉപയോഗിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്. അതിനായി വിശ്വാസയോഗ്യമായ ഡാറ്റ ലഭിക്കുന്നത് വെല്ലുവിളിയാണ്. ടൂറിസം വ്യവസായം തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷന്‍ എഐ മോഡല്‍ വഴി ഉത്പാദനക്ഷമതയില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. ജീവനക്കാരുടെ പരിശീലന സമയം കുറയ്ക്കല്‍, നൈപുണ്യ ശേഷി വര്‍ധിപ്പിക്കല്‍, വിജ്ഞാനത്തെ കൂടുതല്‍ ജനകീയമാക്കല്‍ എന്നിവ നടപ്പാക്കേണ്ടതുണ്ട്.
ട്രാവല്‍ പ്ലാനേഴ്സ് സിഇഒ അനീഷ് കുമാര്‍ പി കെ മോഡറേറ്ററായിരുന്നു. കെടിഎം പ്രസിഡന്‍റ് ജോസ് പ്രദീപ്, സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ റിയാസ് അഹമ്മദ്, വൈസ് ചെയര്‍പേഴ്സണ്‍ നിര്‍മ്മല ലില്ലി തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രാവല്‍ മാര്‍ട്ട് ഞായറാഴ് സമാപിക്കും. സമാപനദിനത്തില്‍ ഉച്ചതിരിഞ്ഞ് 1 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് സ്റ്റാളുകള്‍ സൗജന്യമായി സന്ദര്‍ശിക്കാം.