കെ.എസ്.ആർ.ടി.സിക്ക് ഇനി എ.സി പ്രീമിയം ബസുകൾ
തിരുവനന്തപുരം: കെ.എസ്.ആർ.ടിയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ ഒക്ടോബർ പത്തോടെ നിരത്തുകളിലേക്ക്. ആദ്യഘട്ടത്തിൽ 10 ബസുകളാണ് എത്തുന്നത്. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-തൃശൂർ, തിരുവനന്തപുരം-പാലക്കാട് എന്നീ റൂട്ടുകളിലാണ് ബസുകൾ വിന്യസിക്കുക. എ.സി ബസുകളാണെന്നതാണ് ഈ സർവിസുകളുടെ സവിശേഷത. സൂപ്പർ ഫാസ്റ്റ് കാറ്റഗറിയിൽ ആദ്യമായാണ് കെ.എസ്.ആർ.ടി.സി എ.സി ബസുകൾ പരീക്ഷിക്കുന്നത്.
ഒമ്പതെണ്ണം റൂട്ടുകളിലും ഒരെണ്ണം റിസർവായുമാണ് ഉപയോഗിക്കുക. പ്രീമിയം കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുകൊണ്ട് സൂപ്പർ ഫാസ്റ്റുകളെ അപേക്ഷിച്ച് നിരക്കിൽ അൽപം വ്യത്യാസമുണ്ടാകും. സൂപ്പർ ഫാസ്റ്റ് ബസുകള്‍ക്ക് മുകളിലും എക്സ്പ്രസ് ബസുകള്‍ക്ക് താഴെയുമാകും ഇവയുടെ സ്ഥാനം. ദീർഘദൂര ബസുകൾ പൂർണമായി എ.സിയിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിന്റ ഭാഗമായാണ് പുതിയ നീക്കം. ഇനി 30 പ്രീമിയം ബസുകൾ കൂടി സൂപ്പർ ഫാസ്റ്റുകൾക്കായി എത്തുന്നുണ്ട്.
യാത്രക്കാർക്ക് 1.5 ജി.ബി ഇന്റർനെറ്റ് ഡേറ്റ സൗജന്യമായി നൽകുമെന്നതാണ് മറ്റൊരു പ്രത്യേകത. ദീർഘദൂര യാത്രക്കാരെ വേഗം ലക്ഷ്യത്തിലെത്തിക്കണമെന്നതിനാൽ സ്റ്റോപ്പുകളുടെ എണ്ണം കുറവായിരിക്കും. സീറ്റുകൾ പൂർണമായി റിസർവ് ആകുന്ന സമയങ്ങൾ മറ്റ് സ്റ്റോപ്പുകളുണ്ടാകില്ല. വെയിറ്റിങ് ലിസ്റ്റ് കുരുക്കടക്കം ട്രെയിൻയാത്ര ഗുരുതര പ്രതിസന്ധിയായി തീർന്ന സാഹചര്യത്തിൽ പ്രീമിയം സർവിസുകൾക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഒരു വരിയിൽ നാല് സീറ്റുകൾ എന്ന നിലയിൽ ആകെ 40 സീറ്റുകളാണുണ്ടാവുക. പുഷ്ബാക്ക് സീറ്റുകളാണെല്ലാം. ഓരോ സീറ്റിലും പ്രത്യേകം സീറ്റ് ബെല്‍റ്റുകൾ, ഉയര്‍ന്ന ലെഗ് സ്പേസ് എന്നിവ മറ്റു സവിശേഷതകൾ. തിരുവനന്തപരും-എറണാകുളം റൂട്ടിൽ പരീക്ഷണയോട്ടം നടത്തിയ ശേഷമാണ് ഇവ റെഗുലർ സർവിസിനായി നിയോഗിക്കുന്നത്.
ഷാസി വാങ്ങി ബോഡി പണിയുന്നതിന് പകരം ബോഡിയോട് കൂടിയാണ് പുതിയ ബസുകളെത്തുന്നത്. അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യവും ഇവിടെത്തന്നെ ഉറപ്പുവുരുത്തും. സ്കാനിയകളെ പോലെ വിലകൂടിയ ബസ് പരീക്ഷണങ്ങളൊന്നും ഇനി വേണ്ടതില്ലെന്നാണ് മന്ത്രി ഗണേഷ്കുമാറിന്റെ നിർദേശം. സ്കാനിയയുടെ ഒരു ഗിയർബോക്സ് തകരാറിലായാൽ മാറ്റിവാങ്ങാൻ 12 ലക്ഷം രൂപയാണ് ചെലവ്. പണം കണ്ടെത്തിയാലും സ്പെയർ കിട്ടാനില്ലാത്ത സ്ഥിതിയാണ്.