ടിഐഎം പദ്ധതികള്‍ക്കായുള്ള ഫെസിലിറ്റേഷന്‍ സെല്‍ തുറന്നു

sfh

തിരുവനന്തപുരം: ടൂറിസം നിക്ഷേപക സംഗമത്തില്‍ (ടിഐഎം) സമര്‍പ്പിക്കപ്പെട്ട പദ്ധതികളുടെ നടത്തിപ്പിനായുള്ള ഇന്‍വെസ്റ്റ്മെന്‍റ് ഫെസിലിറ്റേഷന്‍ സെല്‍ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെ (കെടിഐഎല്‍) തൈക്കാട്ടെ ഓഫീസിലാണ് സെല്‍ പ്രവര്‍ത്തിക്കുക.

ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ്, കെടിഐഎല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, കെടിഐഎല്‍ എംഡി ഡോ. മനോജ് കുമാര്‍, കെടിഎം മുന്‍ പ്രസിഡന്‍റ് ബേബി മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.

ചടങ്ങില്‍ ആയുര്‍സന്‍സാര, റിഹാബ് വില്ലേജ് എന്നീ സ്ഥാപനങ്ങള്‍ നിക്ഷേപക പ്രപ്പോസലുകള്‍ മന്ത്രിക്ക് കൈമാറി.

നവംബറില്‍ സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തിലെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തി തുടര്‍പരിപാടികള്‍ വേഗത്തിലാക്കാനും പുതിയവ സ്വീകരിക്കാനും ഫെസിലിറ്റേഷന്‍ സെല്‍ വഴി സാധിക്കും.

ടൂറിസം വകുപ്പ് സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിന് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി ഫെസിലിറ്റേഷന്‍ സെല്‍ തുറക്കാന്‍ തീരുമാനിച്ചത്.

ടിഐഎം ഫെസിലിറ്റേഷന്‍ സെല്ലിന്‍റെ കണ്‍വീനറായി ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍), കോ-കണ്‍വീനറായി കെടിഐഎല്‍ ചെയര്‍മാന്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags