വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പുനരാരംഭിക്കും : സര്‍ക്കാരിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ച് ഹൈക്കോടതി
Sep 26, 2024, 19:56 IST
വയനാട് : വയനാട് ജില്ലയിലെ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പുനരാരംഭിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കുറുവാ ദ്വീപില്‍ കാട്ടാനയെ തുരത്തുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയ ഇടപെട്ടാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍ക്കാരിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇപ്പോള്‍ ഹൈക്കോടതി അനുമതി നല്‍കിയത്. സന്ദര്‍ശകരുടെ എണ്ണം വെട്ടിച്ചുരുക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.