കേരളത്തെ വെല്‍നെസ് ടൂറിസം കേന്ദ്രമാക്കും: മുഖ്യമന്ത്രി
കൊച്ചി: കേരളത്തെ സൗഖ്യ ടൂറിസം(വെല്‍നെസ്സ് ടൂറിസം) ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പന്ത്രണ്ടാമത് ലക്കം കൊച്ചി ലെ മെറഡിയനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയിലെ പുതിയ സംരംഭങ്ങള്‍ക്കായി ടൂറിസം ഇന്‍കുബേഷന്‍ ആന്‍ഡ് ഇനോവേഷന്‍ സെന്‍റര്‍ തുടങ്ങുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിക്ഷേപകര്‍, ടൂറിസം വ്യവസായികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്നിവരുടെ സേവനം ഇന്‍കുബേഷന്‍ കേന്ദ്രത്തിലുണ്ടാകും. സംരംഭക അഭിരുചിയുള്ള യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇതിന്‍റെ സാധ്യത പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
വെല്‍നെസ്സ് ടൂറിസത്തിന് കേരളത്തിലാണ് എല്ലാ സാധ്യതകളുമുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം വ്യവസായവുമായി ചേര്‍ന്നു കൊണ്ട് ഇതിന് സംയുക്തപദ്ധതി ആവിഷ്കരിക്കും. പരിചരണ സമ്പദ് വ്യവസ്ഥയെന്ന ആശയമാണ് കേരളം മുന്നോട്ട് വയ്ക്കുന്നത്. വിശ്രമജീവിതം, പരിചരണ സൗകര്യങ്ങള്‍ എന്നിവയുടെ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ വ്യവസായ സൗഹൃദ രംഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ടൂറിസം മേഖലയ്ക്കും സാധിക്കും. കേരളത്തിന്‍റെ സമാധാനപരമായ അന്തരീക്ഷം, ലോകോത്തര ആരോഗ്യ സംവിധാനം, മതനിരപേക്ഷത എന്നിവ ടൂറിസം മേഖലയിലൂടെ വിദേശ രാജ്യത്തെത്തിക്കാന്‍ കഴിയും. അതു വഴി കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്തും.
ഇതിനു പുറമെ ടൂറിസം മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കണം. നൂതനത്വത്തിലൂന്നിയ പുതിയ സംരംഭങ്ങള്‍ ടൂറിസം മേഖലയില്‍ വരണം. കാലാവസ്ഥാ വ്യതിയാനം മനസില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനം ടൂറിസം മേഖല നടത്തണം. കാര്‍ബണ്‍ ഫുട്പ്രിന്‍റ് കുറയ്ക്കുന്ന നടപടികള്‍ കൈക്കൊണ്ട് സുസ്ഥിര വികസനമാണ് ഈ മേഖല നേടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ടൂറിസത്തിന്‍റെ പുതിയ പ്രചാര പരിപാടികള്‍ ടൂറിസ്റ്റുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് സുരക്ഷിതമല്ലെന്ന പ്രചാരണം സത്യവിരുദ്ധമാണ്. വയനാട് ദുരന്തം മേപ്പാടിയിലും സമീപപ്രദേശങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഈ സമയത്ത് സുരക്ഷിതമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്‍റെ പ്രകൃതി ഭംഗിയുടെ ആതിഥേയ മര്യാദയും ലോക ടൂറിസത്തിനു മുമ്പില്‍ കെടിഎം കാണിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടുകളിലൊന്നാണ് കെടിഎം. ഇക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ ബയര്‍ രജിസ്ട്രേഷനാണ് (2,839) കെടിഎമ്മിനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച കേരള ടൂറിസം മിഷന്‍ 2030 വഴി സംസ്ഥാനത്തിന്‍റെ ജിഡിപിയില്‍ ടൂറിസത്തിന്‍റെ വിഹിതം നിലവിലുള്ള 12 ല്‍ നിന്ന് 20 ശതമാനമാക്കും. ഹെലി ടൂറിസം, ക്രൂസ് ടൂറിസം, തുടങ്ങിയവ ഈ മേഖലയില്‍ പുതിയ അധ്യായങ്ങള്‍ കുറിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് ദുരന്തം ഉത്തരവാദിത്ത ടൂറിസത്തിന്‍റെ പ്രധാന്യത്തെയാണ് കാണിക്കുന്നത്. കേരളം ലോകടൂറിസം രംഗത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി. പ്രാദേശികജനതയെക്കൂടി ടൂറിസം വികസനത്തിന്‍റെ ഗുണഭോക്താക്കാളാക്കാനുള്ള ഈ പദ്ധതി ലോകമെങ്ങും അംഗീകാരം നേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ ഡബ്ല്യൂടിഒയുടെ കണക്കു പ്രകാരം കൊവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് കരകയറിയതില്‍ കേരളം 87.83 ശതമാനം കൈവരിച്ചുവെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ടൂറിസം ഉത്പന്നങ്ങളില്‍ കേരളം നടത്തിയ വൈവിദ്ധ്യമാണ് ഇതിനു പിന്നില്‍. എംഐസിഇ (മീറ്റിംഗ്സ്, ഇന്‍സന്‍റീവ്സ്, കോണ്‍ഫറന്‍സ്, എക്സിബിഷന്‍സ്) ഈ ദിശയിലേക്ക് കേരളത്തിന്‍റെ പുതിയ ചുവടുവയ്പാണ്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, കാരവാന്‍ ടൂറിസം, സാഹസിക ടൂറിസം, ഹെലി-ക്രൂസ്-സിനി-ടൂറിസം, ഗ്യാസ്ട്രോണമി ടൂറിസം, ഗ്രാമാന്തരീക്ഷ അനുഭവങ്ങള്‍, ആയുര്‍വേദ-വെല്‍നെസ് ടൂറിസം എന്നിങ്ങനെ കേരളത്തിന് നല്‍കാന്‍ ഏറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം കേരള ടൂറിസത്തിന്‍റെ മുഖമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്‍റെ ജിഡിപിയില്‍ ടൂറിസത്തിന്‍റെ സംഭാവന 30 ശതമാനമാക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് നടത്തിയത് ഈ ദിശയിലേക്കുള്ള പ്രവര്‍ത്തനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും മുന്‍ഗണനയുള്ള മേഖലയാണ് ടൂറിസമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 മുറികളാണ് ടൂറിസം മേഖലയില്‍ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ടൂറിസത്തിന് നല്‍കിയ സംഭാവകളുടെ അംഗീകാരമായി മുന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു.
സെല്ലേഴ്സ് ഡയറക്ടറിയുടെ പ്രകാശനം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു. കേരള ടൂറിസത്തെക്കുറിച്ച് വകുപ്പ് സെക്രട്ടറി കെ ബിജു അവതരണം നടത്തി. എംഎല്‍എമാരായ കെ ബാബു, കെ ജെ മാക്സി, ടി ജെ വിനോദ്, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ കെടിഡിസി ചെയര്‍മാന്‍ പി കെ ശശി, കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ്, തുടങ്ങിയവര്‍ സംസാരിച്ചു. കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് സ്വാഗതവും സെക്രട്ടറി എസ് സ്വാമിനാഥന്‍ നന്ദിയും പ്രകാശിപ്പിച്ചു.
കെടിഎം സൊസൈറ്റി മുന്‍ പ്രസിഡന്‍റുമാരായ ജോസ് ഡോമനിക്, ഇ എം നജീബ്, റിയാസ് അഹമ്മദ്, ഏബ്രഹാം ജോര്‍ജ്ജ്, ബേബി മാത്യു, സെക്രട്ടറിമാരായ ജെയിംസ് കൊടിയന്തറ, സഞ്ജയ് ശര്‍മ്മ, സജീവ് കുറുപ്പ്, അനീഷ് കുമാര്‍, ജോസ് മാത്യൂ, ജോസ് പ്രദീപ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
ചരിത്രത്തിലാദ്യമായാണ് 2,839 ബയര്‍മാര്‍ മാര്‍ട്ടിനെത്തുന്നത്. 2018 ലാണ് ഇതിനു മുമ്പ് ഏറ്റവുമധികം(1,305) ബയര്‍മാരെത്തിയത്. ഇക്കുറി ആഭ്യന്തര ബയര്‍മാര്‍ 2,035 ഉം 76 രാജ്യങ്ങളില്‍ നിന്നായി 804 വിദേശബയര്‍മാരുമുണ്ട്.
വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ 27, 28, 29 തിയതികളിലായാണ് മൂന്ന് ദിവസത്തെ മാര്‍ട്ട് നടക്കുന്നത്. വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍ത്താക്കളുടെ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാര്‍ട്ടിലുണ്ടാകും. ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യമായി മാര്‍ട്ട് സന്ദര്‍ശിക്കാം. ആദ്യ രണ്ട് ദിവസവും പ്രവേശനം പാസു മൂലം നിയന്ത്രിതമായിരിക്കും.