യൂട്യൂബ് ഇല്ലാതെ പറ്റില്ല? പ്രീമിയം പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് യൂട്യൂബ്
യൂട്യൂബ് ഇല്ലാതെ നമുക്കൊന്നും ജീവിക്കാൻ തന്നെ പറ്റില്ല അല്ലെ. അത് യൂട്യൂബിനും അറിയാം. അതുകൊണ്ടാണ് യൂട്യൂബ് പ്രീമിയം എന്ന സംവിധാനം തന്നെ അവർ കൊണ്ടുവന്നത്. ഇടയ്ക്കിടയ്ക്ക് ആഡ് വരുന്നു എന്ന കാരണത്താൽ പലരും യൂട്യൂബ് പ്രീമിയം തെരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ മൊത്തത്തിലുള്ള പ്രീമിയം പ്ലാനുകളുടെ എല്ലാം നിരക്ക് വർധിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. വ്യക്തിഗത, കുടുംബ, വിദ്യാർഥി സബ്സ്ക്രിപ്ഷൻ ഉൾപ്പടെ എല്ലാത്തിന്റെയും നിരക്ക് കൂടിയിരിക്കുകയാണ്. പ്ലാൻ നിരക്കുകളിൽ മാറ്റം വരുത്തിയതായി ഇ മെയിൽ വഴി യൂട്യൂബ് ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തു.
ഫാമിലി പ്ലാൻ പ്രതിമാസം 189 രൂപയിൽ നിന്ന് 299 രൂപയായി ഉയർന്നു. മുമ്പ് പ്രതിമാസം 79 രൂപയായിരുന്ന സ്റ്റുഡന്റ് പ്ലാൻ ഇപ്പോൾ പ്രതിമാസം 89 രൂപയാണ്. വ്യക്തിഗത പ്ലാനിന് 139 രൂപയായിരുന്നത് 159 രൂപയായി ഉയർന്നു. പലപ്പോഴും ഓഫ്‌ലൈൻ ആയിരിക്കുമ്പോഴോ വീഡിയോ അപ്പോൾ തന്നെ കാണാൻ കഴിയാത്ത സാഹചര്യങ്ങളിലോ പിന്നീട് കാണാനായി ഡൌൺലോഡ് ചെയ്ത് വയ്ക്കാൻ യൂട്യൂബ് പ്രീമിയം സുബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ കഴിയും എന്നതാണ് ഉപഭോക്താക്കളെ പ്രീമിയം മെമ്പർഷിപ്പിലേക്ക് കൂടുതൽ ആകർഷിക്കുന്ന ഒരു പ്രത്യേകത.
ചില സാഹചര്യങ്ങളിൽ ഒന്നിലധികം യുട്യൂബ് അല്ലെങ്കിൽ ഗൂഗിൾ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ, 3 മാസത്തെ സൗജന്യ അംഗത്വ ഓഫറുള്ള ഒരു ബാനർ കാണാനാകും. യൂട്യൂബ് പ്രീമിയത്തിലേക്ക് ഒരിക്കലും ലിങ്ക് ചെയ്തിട്ടില്ലാത്ത അക്കൗണ്ടുകൾക്കാണ് ഈ ഫീച്ചർ യൂട്യൂബ് നൽകുന്നത്. 1 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ഓഫറുള്ള ഫാമിലി ആൻഡ് സ്റ്റുഡൻ്റ് പാക്കും ലഭ്യമാണ്. പക്ഷേ, സൗജന്യ യൂട്യൂബ് പ്രീമിയം അംഗത്വം അവസാനിച്ച് കഴിഞ്ഞാൽ സേവനം തുടരാൻ പണം നൽകണം എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.