കിടിലൻ ഫീച്ചറുമായി വാട്‌സ്ആപ്പ്
പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. വാട്‌സ്ആപ്പിൽ വരുന്ന വോയിസ് മെസേജുകൾ വായിക്കാനാകുന്ന രൂപത്തിലാക്കി മാറ്റുന്ന ഫീച്ചർ ഉടൻ വരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അണിയറയിൽ അതിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ വാട്‌സ്ആപ്പ് പുറത്തുവിട്ടിരുന്നു.
ഈ ഫീച്ചർ വന്നാൽ വാട്‌സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്റ്റ് ഫീച്ചർ പ്രകാരം വോയിസ് മെസ്സേജുകൾ ഓട്ടോമാറ്റിക്കായി ടെക്സ്റ്റായി രൂപാന്തരപ്പെടും. ഇതോടെ വോയിസ് കേൾക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് നിങ്ങൾ ഉള്ളതെങ്കിൽ വോയ്‌സിൽ എന്താണോ പറയുന്നത് അത് നിങ്ങൾക്ക് ഇനി ടെക്സ്റ്റ് മെസ്സേജ് ആയി വായിക്കാനാകും. വോയിസ് മെസ്സേജിന് തൊട്ടുതാഴെ തന്നെയായിരിക്കും വാട്‌സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുക.
ഈ ഫീച്ചർ പൂർണമായും സുരക്ഷിതമായിരിക്കും എന്നാണ് മെറ്റയുടെ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൻറെ അവകാശവാദം. ഓഡിയോ മെസേജ്, അതിൻറെ ട്രാൻസ്‌ക്രിപ്റ്റ് എന്നിവയിലേക്ക് കമ്പനിക്ക് ആക്സ്സസ് ഇല്ലായെന്ന് പറയുന്ന മെറ്റ ഡിവൈസിനുള്ളിൽ വച്ചുതന്നെയായിരിക്കും വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്റ്റ് സംഭവിക്കുകയെന്നും ഉള്ളടക്കം വാട്‌സ്ആപ്പ് അധികൃതർക്ക് പോലും മനസ്സിലാക്കാൻ കഴിയില്ലെന്നും വാദിക്കുന്നു. അതുപോലെ ആപ്പിലെ സെറ്റിംഗ്‌സിൽ പ്രവേശിച്ച് ആവശ്യാനുസരണം വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്റ്റ് ഇനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനും സാധിക്കും. എന്തായാലും പുതിയ ഫീച്ചർ വരാൻ കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.