ടെലഗ്രാമിന് ഏഴ് മില്യൻ റൂബിൾ പിഴയിട്ട് റഷ്യൻ കോടതി
മോസ്കോ: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടെലഗ്രാമിന് നിരോധിത ഉള്ളടക്കം നീക്കിയില്ലെന്ന് കാണിച്ച് റഷ്യൻ കോടതി ഏഴ് മില്യൻ റൂബിൾ (ഇന്ത്യൻ രൂപ ഏകദേശം 56.73 ലക്ഷം) പിഴ ചുമത്തി. റഷ്യയുടെ നിയമപ്രകാരം രാജ്യത്ത് അനുവദനീയമല്ലാത്ത ഉള്ളടക്കം പ്ലാറ്റ്ഫോമിലൂടെ പ്രചരിപ്പിച്ചു എന്നാണ് ചുമത്തപ്പെട്ട കുറ്റം.
എന്നാൽ ഇതിനേക്കുറിച്ച് ഉള്ള വിശദവിവരങ്ങൾ പുറത്തുവിടാൻ കോടതി ഇതുവരെ തയാറായിട്ടില്ല. സമാനമായ മറ്റൊരു കേസിൽ കഴിഞ്ഞ മാസം നാല് മില്യൻ റൂബിളും രാജ്യം പിഴ ചുമത്തിയിരുന്നു.
സമീപകാലത്ത് ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ടെലഗ്രാമിന് സർക്കാർ തലത്തിൽ തിരിച്ചടി നേരിട്ടിരുന്നു. ആഗോള തലത്തിൽ 900 മില്യൻ ഉപയോക്താക്കളുള്ള ടെലഗ്രാം നിലവിൽ ലോകത്തിലെ ഏറ്റഴും വലിയ മെസേജിങ് പ്ലാറ്റ്ഫോമുകളിലൊന്നാണ്. റഷ്യയിലും വലിയ യൂസർ ബേസാണ് ടെലഗ്രാമിനുള്ളത്.
അതേസമയം ആഗസ്റ്റിൽ ടെലഗ്രാം സി.ഇ.ഒ പാവേൽ ദുരോവ് പാരീസിൽ അറസ്റ്റിലായിരുന്നു. ടെലഗ്രാമിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു അന്നത്തെ അറസ്റ്റ്. തുടർന്ന് പാവേൽ ദുരോവിനെതിരെ അന്വേഷണം നടത്താമെന്ന് ഫ്രഞ്ച് കോടതി ഉത്തരവിടുകയും ചെയ്തു. ദുരോവിന് ജാമ്യം അനുവദിച്ചുവെങ്കിലും ഫ്രാൻസ് വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.